Kozhikode

വിദ്യാർത്ഥികളുടെ നൈപുണികൾ പങ്കുവെക്കാൻ സ്കിൽ ഷെയർ

തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ആർജ്ജിച്ച നൈപുണികൾ സമൂഹവുമായി പങ്കുവെക്കുന്നതിനായി എസ്.എസ്.കെ. നടത്തിയ സ്കിൽ ഷെയർ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ ജില്ലാതല ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിന്ദു  അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന തൊഴിൽ നൈപുണികൾ സമൂഹത്തിന് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് സ്കിൽ ഷെയർ പദ്ധതിയുടെ ലക്ഷ്യം. പഠനത്തിന്റെ ഭാഗമായി നേടുന്ന അറിവുകൾ, ശേഷികൾ, മനോഭാവം എന്നിവ പ്രയോഗവത്കരിക്കുക, സമൂഹത്തിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക, വിദ്യാർത്ഥികൾക്ക് യഥാർത്ഥ തൊഴിൽ സാഹചര്യങ്ങൾ അനുഭവമാക്കുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭവന നിർമ്മാണത്തിനാവശ്യമായ പ്ലാനുകൾ തയ്യാറാക്കി കൊടുക്കുന്ന പദ്ധതിയാണ് കൂത്താളി വി.എച്ച്.എസ്.എസ് അവതരിപ്പിച്ചത്. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്ന ഒരു മാതൃകാ ഗ്രാമത്തെക്കുറിച്ചുള്ള പ്രോജക്ടാണ് ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റേത്. ഓർക്കാട്ടേരി എ.കെ.എം ജി.വി.എച്ച്.എസ്.എസ് പൊതുജനത്തിനും ഉദ്യോഗാർത്ഥികൾക്കും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഉപകാരപ്രദമായ പോർട്ടലാണ് തയ്യാറാക്കിയത്. വീടുകളിലെ ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് ഊർജ്ജക്ഷമത കൂടിയ ഇലക്ട്രിക് ബ്ലോഗറുകൾ പരിചയപ്പെടുത്തുന്നതായിരുന്നു ജി.എം.വി.എച്ച്. എസ്.എസ്. കൊയിലാണ്ടിയുടെ പ്രോജക്ട്. പാലുൽപന്നങ്ങളുടെ പ്രാധാന്യം കുടുംബശ്രീ യൂണിറ്റുകൾക്ക് പരിചയപ്പെടുത്തുകയും ഉപയോഗശൂന്യമായ പാക്കറ്റുകൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്യുന്നതാണ് ജി.ജി.വി.എച്ച്.എസ്.എസ് ഫറൂക്കിന്റേത്. 21 വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽനിന്നായി അവതരിപ്പിക്കപ്പെട്ട പ്രോജക്ടുകളിൽ ഈ അഞ്ചെണ്ണമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആറ് പേരടങ്ങുന്ന വിദഗ്ധ സമിതിയാണ് പ്രോജക്ടുകൾ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത ഓരോ പ്രോജക്ടിനും 50,000  രൂപ വീതം നൽകുമെന്നും മൂന്ന് മാസമായിരിക്കും പ്രോജക്ടിന്റെ കാലാവധിയെന്നും എസ്. എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം പറഞ്ഞു. പി.ടി.എ., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവയുടെ സഹകരണത്തോടെ പ്രാദേശിക സവിശേഷതകൾ പരിഗണിച്ച് കുട്ടികൾ തയ്യാറാക്കിയ 28 പ്രോജക്ടുകളാണ്. ജില്ലാതലത്തിൽ അവതരിപ്പിച്ചത്.

കൂത്താളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി. ഷീബ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാർ, പേരാമ്പ്ര ബ്ലോക്ക് പ്രാജക്ട് കോ ഓർഡിനേറ്റർ വി.പി. നിത, ബി.ആർ.സി ട്രെയിനർ കെ. ഷാജി,വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ശ്രീജ എ.ജെ, അധ്യാപകരായ കെ.സി. ജാഫർ, നൗഷാദ് കെ, സ്കൂൾ മാനേജർ സി. ഹാരി,  പി.ടി.എ. കമ്മിറ്റി അംഗം സജീവൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close