Kozhikode

ജനങ്ങൾക്ക് പരാതിപ്പെടാം; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ പോലീസ് സോഷ്യൽ മീഡിയ സെല്ലിന്റെ 9497942711 നമ്പറിൽ അറിയിക്കാം സി.ആർ.പി.എഫ് സംഘം നാളെ എത്തും

നഗര പരിധിയിലെ ജില്ലാതിർത്തിയിൽ 9 ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കും 

തെരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.  

“ഇക്കാര്യത്തിൽ പ്രത്യേക നിർദേശമുണ്ട്. വ്യാജ വാർത്ത ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.  മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) വ്യാജവാർത്തകൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യും. സിറ്റി പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലും ഇതിനായി ഹെൽപ്‌ലൈൻ ഒരുക്കിയിട്ടുണ്ട്,” കളക്ടർ വ്യക്തമാക്കി.

വ്യാജ വാർത്തകൾ പരിശോധിക്കാനും അപകീർത്തികരമായ വാർത്തകളും പണം, ഉപഹാരം സ്വീകരിച്ചുള്ള വാർത്തകളും പരിശോധിച്ച് നടപടിയെടുക്കാനുമുള്ള എം.സി.എം.സി കലക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി. 18 അംഗ ആളുകളാണ് രണ്ടു ഷിഫ്റ്റുകളിലായി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.  

ഉദ്ദേശം 25 ലക്ഷം വോട്ടർമാരുള്ള കോഴിക്കോട് ജില്ലയിൽ 2230 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഇതിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളും ഉൾപ്പെടും. ഈ പോളിങ് സ്റ്റേഷനുകൾക്ക് പുറമേ 1500 വോട്ടർമാരിൽ കൂടുതലുള്ള പോളിംഗ് സ്റ്റേഷന് അനുബന്ധമായി ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 1500 ൽ കൂടുതൽ വോട്ടർമാരുള്ള 25 മുതൽ 30 ശതമാനം വരെ പോളിങ് സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമോരുക്കുന്ന 12 D ഫോമുകൾ ബി.എൽ.ഒ വഴി ഏപ്രിൽ രണ്ടു വരെ സ്വീകരിക്കും.  വോട്ടർപട്ടികയിൽ പേര് ചേർക്കൽ മാർച്ച് 25 വരെ ഉണ്ടാകും.  അതിനുശേഷവും പേര് ചേർക്കാമെങ്കിലും വോട്ടർപട്ടികയിൽ പേര് ഉൾപ്പെടില്ല. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള സമയം മാർച്ച് 16 ന് കഴിഞ്ഞു. 

ജില്ലയിലെ മൊത്തം വോട്ടർമാരിൽ ഭിന്നശേഷിക്കാരുടെ എണ്ണം 35,000 ഉം 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം 25000 മാണ്.  

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന സംഘം ഓരോ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചും പ്രവർത്തിക്കും.  

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ നാമനിർദ്ദേശപത്രിക സ്വീകരിക്കും.  പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളിൽ കോഴിക്കോട്, വടകര വരണാധികാരി മുൻപാകെ നാമനിർദേശപത്രിക സമർപ്പിക്കാം.  

തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.ആർ.പി.എഫിന്റെ ഒരു സംഘം നാളെ (ബുധൻ) നഗരത്തിൽ എത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ അറിയിച്ചു. കോഴിക്കോട് റൂറലിൽ ഒരു സംഘം എത്തിക്കഴിഞ്ഞു. സി.ആർ.പി.എഫിന്റെ റൂട്ട് മാർച്ചും വരും ദിവസങ്ങളിൽ ഉണ്ടാകും.  നഗരത്തിന്റെ ജില്ലാതിർത്തിയിൽ പോലീസ് ഒൻപത് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കും. ഇതിൽ കൂടുതലും മലപ്പുറം  അതിർത്തിയിൽ ആയിരിക്കും.

വ്യാജ വാർത്തകളെക്കുറിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളും ജനങ്ങൾക്ക് പോലീസ് സോഷ്യൽ മീഡിയ സെല്ലിന്റെ 9497942711 നമ്പറിൽ അറിയിക്കാം. 

രാഷ്ട്രീയ പാർട്ടികൾ ലൗഡ്സ്പീക്കർ അനുമതി നിർബന്ധമായി വാങ്ങിയിരിക്കണം.  അനുമതി കടലാസ് പ്രചാരണ വാഹനത്തിന്റെ മുന്നിൽ പതിക്കണമെന്നും കമ്മീഷണർ പറഞ്ഞു.  

വോട്ടർ പട്ടികയിൽ പേര് ഉള്ളവരിൽ തെരഞ്ഞെടുപ്പ് കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌ പോലുള്ള മറ്റ് അംഗീകൃത കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ ഒരു തടസ്സവുമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. 

സബ്ബ് കളക്ടർ ഹർഷിൽ ആർ മീണ, വടകര ലോക്‌സഭാ മണ്ഡലത്തിലെ വരണാധികാരി കൂടിയായ എ.ഡി.എം കെ അജീഷ്,  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close