Kozhikode

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം: ജില്ലാ കളക്ടര്‍

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് പുന:സ്ഥാപിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ലേക്കുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇനിയും അവസരമുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കും. വോട്ടര്‍പട്ടികയില്‍ നിന്ന് അനര്‍ഹരായവരുടെ പേരുകള്‍ ഒഴിവാക്കാനും പേര് പരിഷ്കരിക്കാനും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് വരെ സാധിക്കും. വോട്ടര്‍ പട്ടികയില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ അക്കാര്യം കൃത്യമായ വിവരങ്ങളോടെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റു ജില്ലകളില്‍ തെരഞ്ഞെടുപ്പു ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനുള്ള അവസരം നിലവിലുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് തീയ്യതിക്ക് ദിവസങ്ങൾക്ക് മുന്‍പ് സ്വന്തം മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യണം. ഇത് മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രയാസകരമാകുമെന്നും തീരുമാനം പുന:പ്പരിശോധിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ ഏതാനും പോളിംഗ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ മാറുമെന്നും ചില പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ മാറുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയുടെ നിരക്ക് സംബന്ധിച്ച് പാര്‍ട്ടി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.   പ്രചാരണത്തിന് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. 

വോട്ടിംഗ് നില പൊതുവെ കുറവ് രേഖപ്പെടുത്താറുള്ള നഗരത്തിലെ അസംബ്ലി നിയോജക മണ്ഡലങ്ങളായ കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേരെ വോട്ട് ചെയ്യിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നഗര പ്രദേശങ്ങളില്‍ ഫ്‌ളാറ്റുകളും വില്ലകളും വന്നതിന്റെ ഭാഗമായി പലയിടങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരകര്‍ക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) ഡോ. ശീതള്‍ ജി മോഹന്‍, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് പി പ്രേംകുമാർ (സി.പി.ഐ.എം), പി എം അബ്ദുറഹ്മാൻ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പി കെ നാസർ (സി.പി.ഐ), കെ കെ അബ്ദുള്ള, പി ടി ആസാദ് (ജനതാദള്‍-എസ്), മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close