Kozhikode

കായിക വികസനത്തിന് പഞ്ചായത്തുകൾക്ക് പ്രത്യേകം തുക നീക്കിവെക്കും -മന്ത്രി വി അബ്ദുറഹിമാൻ

കായിക വികസനത്തിന് പഞ്ചായത്തുകൾക്ക് പ്രത്യേകം തുക നീക്കിവെക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. 
കുന്ദമംഗലം മണ്ഡലത്തിൽ സ്ഥലം ലഭ്യമായ എല്ലാ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ മണ്ഡലംതല പ്രഖ്യാപനവും പ്രവൃത്തി പൂർത്തീകരിച്ച കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്ഥാപനങ്ങൾ കായിക മേഖലയുടെ വികസനത്തിന് മുഖ്യ പങ്ക് വഹിക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായി അടുത്ത ബജറ്റിൽ കായിക വികസനത്തിന് പഞ്ചായത്തുകൾക്ക് പ്രത്യേകം തുക നീക്കിവെക്കും. ഇത് പ്രാദേശിക തലത്തിലെ കായിക മേഖലയ്ക്ക് ഉത്തേജനമാകും. 

സംസ്ഥാനത്ത് സ്പോർട്സ് എക്കണോമി വളർത്തിക്കൊണ്ടു വരുന്നതിനുള്ള ആശയങ്ങൾ രൂപീകരിക്കലിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് സംസ്ഥാന തല സ്പോർട്സ് സമ്മിറ്റ് നടത്തുന്നത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ കരിക്കുലം ഫ്രെയിം വർക്ക് കൊണ്ടുവന്നതായും പിജി കോഴ്സുകളിൽ കായിക പഠനം ഒരു വിഷയമായി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം കായിക മേഖലയിലെ പുതിയ തൊഴിലവസരങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും. തദ്ദേശ സ്വയം ഭരണ തലത്തിൽ കായിക പരിശീലകരെ ഉൾപ്പെടുത്തുന്ന പുതിയ ഉത്തരവിലൂടെ സംസ്ഥാനത്ത് കായിക പരിശീലന മേഖലയിൽ മാത്രം 5000 തൊഴിലവസരങ്ങൾ രൂപപ്പെടുത്താൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. 

പി ടി എ റഹീം എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവിലാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ അക്രോബാറ്റിക് ഡാൻസ്, ചെണ്ടമേളം, കളരിപ്പയറ്റ്, പ്രദർശന ഫുട്ബോൾ മത്സരം തുടങ്ങിയവയും അരങ്ങേറി. 

പി ടി എ റഹീം എംഎൽഎ അധ്യക്ഷത  വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി അശ്വതി, മെമ്പർ പി എം ബാബു, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി സുജ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും ഹെഡ് മിസ്ട്രസ് വി എസ് ശോഭ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close