Kozhikode

കോകോ ചലച്ചിത്രമേള കോഴിക്കോട്ടെ ആദ്യ സിനിമാ പ്രദർശനം ഓർത്തെടുത്ത് ഓപ്പൺഫോറം

കോഴിക്കോടിന്റെ സിനിമാ ചരിത്രം തുടങ്ങിയ, 1906 ലെ മുതലക്കുളത്ത് ടിക്കറ്റ് വെച്ച് നടത്തിയ സിനിമാ പ്രദർശനം കോകോ ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നടന്ന ഓപ്പൺ ഫോറം ഓർത്തെടുത്തു.

‘കോഴിക്കോടിന്റെ ചരിത്രം മലയാള സിനിമയിൽ’ എന്ന ഓപ്പൺഫോറത്തിൽ അനിൽകുമാർ തിരുവോത്താണ് ഇക്കാര്യം പരാമർശിച്ചത്.

“1906 ൽ തൃശൂരിൽ നിന്ന് വന്ന പോൾ വിൻസെന്റ് എന്ന വ്യക്തി ബയോസ്കോപ്പ് ഉപയോഗിച്ച് മുതലക്കുളം മൈതാനത്ത് നടത്തിയ ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനമാണ് കോഴിക്കോട്ടെ ആദ്യ സിനിമാകാഴ്ച്ച. ഇത് തന്നെയായിരുന്നു കേരളത്തിലെ ആദ്യ സിനിമാ പ്രദർശനവും,” അനിൽകുമാർ പറഞ്ഞു. എസ് കെ പൊറ്റക്കാടിന്റെ നിലച്ചുപോയ ‘പുള്ളിമാൻ’ എന്ന സിനിമ യാഥാർഥ്യമായിരുന്നെങ്കിൽ അതാകുമായിരുന്നു കോഴിക്കോടിന്റെ ആദ്യ സിനിമ.

കോഴിക്കോടിനെ ഏറ്റവും നന്നായി സ്വാംശീകരിച്ച സിനിമ ‘അങ്ങാടി’യാണെന്ന് കെ പി സുധീര അഭിപ്രായപ്പെട്ടു. ഹോട്ടൽ മഹാറാണി പോലെ സിനിമയിൽ കോഴിക്കോടിനെ ബന്ധിപ്പിക്കുന്ന അടയാളങ്ങൾ ഉണ്ടായി.

പ്രദേശികമായ ചരിത്രം സിനിമയ്ക്ക് അപ്രാപ്യമാണെന്നും സിനിമയ്ക്ക് ഒരു ദേശത്തിന്റെ പരിധിയില്ലെന്നും എ രത്നാകരൻ ചൂണ്ടിക്കാട്ടി.

‘കണ്ടം ബെച്ച കോട്ട്’, ‘ഉണ്ണിയാർച്ച’ മുതൽ കോഴിക്കോട്ടുകാരുടെ പ്രധാന കയ്യൊപ്പ് പതിഞ്ഞ സിനിമകളെക്കുറിച്ച് ജാനമ്മ കുഞ്ഞുണ്ണി സംസാരിച്ചു. 

സിനിമയിൽ കോഴിക്കോടിന്റെ സംഭാവനകളായ പ്രസിദ്ധ ചലച്ചിത്രകാരർക്കൊപ്പം ഒന്നോ രണ്ടോ സിനിമയിൽ മുദ്ര പതിപ്പിച്ച, ഡോ. ബാലകൃഷ്ണൻ, കെ പദ്മനാഭൻ നായർ, പള്ളിക്കര വി പി മുഹമ്മദ്‌, എസ് ആർ രവീന്ദ്രൻ, മുഷ്താഖ് തുടങ്ങിയവരെയും എം എൻ കാരശ്ശേരി തിരക്കഥ എഴുതിയ ‘പതിനാലാം രാവ്’ എന്ന സിനിമയെക്കുറിച്ചും  ഓപ്പൺഫോറം പരാമർശിച്ചു. 

ഭുവനേശ്വരി മോഡറേറ്ററായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close