Kottayam

നവകേരള സൃഷ്ടിയിൽ കലയ്ക്കും സാഹിത്യത്തിനും നിർണായക പങ്ക്: സാംസ്‌കാരിക  കോൺക്ലേവ്

  • കലാ-സാംസ്‌കാരിക പ്രവർത്തകർക്ക് ഒത്തുകൂടാനൊരിടം വേണമെന്ന് കോൺക്ലേവ്

കോട്ടയം: നവകേരളം സൃഷ്ടിക്കുന്നതിൽ കലയുടെയും സാഹിത്യത്തിന്റെയും പ്രധാന്യം ചർച്ചചെയ്തും കലാ-സാംസ്‌കാരിക പ്രവർത്തകർക്ക് ഒത്തുകൂടാനുള്ള സാംസ്‌കാരികകേന്ദ്രം ഏറ്റുമാനൂരിൽ അവശ്യമാണെന്നു ചൂണ്ടിക്കാട്ടിയും നവകേരളസദസ് സാംസ്‌കാരിക കോൺക്ലേവ്. ഡിസംബർ 13ന് രാവിലെ 10ന് ഏറ്റുമാനൂരിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി നീണ്ടൂർ ജെ.യെസ് ഫാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക കോൺക്ലേവ് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകൻ ഡോ. അജു കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.വികസനമെന്നതു കേവലം ഭൗതികമല്ലെന്നും കലയും സംസ്‌കാരവും സാഹിത്യവും കൂടിചേരുമ്പോഴാണ് നവകേരളം സൃഷ്ടിക്കപ്പെടുന്നതെന്നും ‘കേരളം നടന്ന വന്ന വഴികൾ’ എന്ന വിഷയത്തിൽ സംസാരിക്കവെ ഡോ. അജു കെ. നാരായണൻ പറഞ്ഞു.

നവകേരളത്തിന്റെ താക്കോൽ തരിസാപ്പള്ളി ചേപ്പാട് രേഖയാണ്. കൊടുങ്ങല്ലൂർ കേന്ദ്രമായി കേരളത്തിൽ നടന്ന വ്യാപാര ഇടപാടുകളും ജൂതന്മാരുടെയും ക്രിസ്ത്യൻ മിഷനറിമാരുടെയും വരവുകളും കേരളചരിത്രത്തിന്റെ ഭാഗമാണ്. പത്താം നൂറ്റാണ്ടിലാണ് ജാതിവ്യവസ്ഥകളും ചാതുർവർണ്യവും രൂപപ്പെട്ടത്. അങ്ങനെ പല നൂറ്റാണ്ടുകളായി നടന്ന നവോത്ഥാന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇന്നു കാണുന്ന കേരളം സൃഷ്ടിക്കപ്പെട്ടത്. മതങ്ങൾക്കും ജാതികൾക്കും അതീതമായി പങ്കുവയ്ക്കലിന്റെ രാഷ്ട്രീയമാണ് കേരളത്തിന്റേത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം കേരളത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കലയും സാഹിത്യവും നാടകവും  എല്ലാം കേരളത്തിന്റെ വളർച്ചയിൽ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എഴുത്തുകാർ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും കേരളത്തിൽ ഇതു പ്രകടമല്ലെന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിൽക്കപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത് കേരളത്തിലാണെന്നും സാഹിത്യകേരളം എന്ന വിഷയത്തിൽ വിഷയാവതരണം നടത്തിയ കഥാകൃത്ത് എസ്. ഹരീഷ് പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഏറ്റവും കുറച്ചു ഭാഷാഭിനിവേശമുള്ള ജനവിഭാഗമാണ് കേരളത്തിലേതെന്ന് പുതിയ ആശയങ്ങൾ സ്വീകരിക്കാൻ മടിയില്ലാത്ത മലയാളികൾ മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട സാഹിത്യകൃതികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സ്വന്തം ഭാഷ മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല. അന്യഭാഷാ സിനിമകൾ കേരളത്തിൽ വൻ വിജയമാകുന്നതിന് കാരണമിതാണ്. സാഹിത്യത്തിലും ഇതു പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.എൽ. തോമസ് മോഡറേറ്ററായി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറും സംഘാടകസമിതി കൺവീനർ കൂടിയായ ബിനു ജോൺ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗവും നവകേരള സദസ് നീണ്ടൂർഗ്രാമപഞ്ചായത്ത്‌സംഘാടകസമിതി വൈസ് ചെയർമാനുമായ തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close