Kottayam

വർണാഭമായ ശിശുദിനറാലിയും ആഘോഷവും സംഘടിപ്പിച്ചു

മുഴുവൻ കുട്ടികളും സമാധാനത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കണം:കുട്ടികളുടെ പ്രധാനമന്ത്രി

കോട്ടയം: ലോകത്തിലെ മുഴുവൻ കുട്ടികളും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കുട്ടികളുടെ പ്രധാനമന്ത്രി നിഷാൻ ഷെറഫ്. ഇതിനായി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ സ്വയം കണ്ടെത്തുകയും ചെയ്യുന്ന തലമുറയായി കുരുന്നുകൾ വളരണമെന്നും നിഷാൻ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ചങ്ങനാശേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ സംഘടിപ്പിച്ച ജില്ലാതല ശിശുദിനാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിഷാൻ. വർഗീയതയുടെ ചെങ്കോലുകൾ വലിച്ചെറിഞ്ഞ് നമ്മുടെ നാടിന്റെ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാനും ഭൂമിയും ജനങ്ങളും ആഘോഷങ്ങളും ഇതുപോലെ തന്നെ നിലനിർത്താനും കഴിയണമെന്നും കുട്ടികളുടെ പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളുടെ സ്പീക്കർ റിനു നിസ് മാർട്ടിൻ അധ്യക്ഷത വഹിച്ചു. നികേത് മനോജ് സ്വാഗതവും അലീന അന്ന സണ്ണി നന്ദിയും ആശംസിച്ചു. ശിശുദിന സ്റ്റാമ്പ് നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് കുട്ടികളുടെ പ്രധാനമന്ത്രി നിഷാൻ ഷെറഫിന് കൈമാറി പ്രകാശനം ചെയ്തു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വർണോത്സവത്തിന്റെ സമ്മാനദാനം നഗരസഭാധ്യക്ഷ ബീന ജോബി നിർവഹിച്ചു. ശിശുദിന റാലിയിൽ മികവിന് പ്രൈമറി വിഭാഗത്തിൽ ഇത്തിത്താനം ലിസ്യൂ എൽ.പി. സ്‌കൂൾ ഒന്നാം സ്ഥാനവും ഫാത്തിമാപുരം ബി.ടി.കെ.എൽ.പി.എസ്. രണ്ടാം സ്ഥാനവും ചങ്ങനാശേരി മുഹമ്മദൻ യു.പി. സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂൾ ആൻഡ് ഹയർ സെക്കൻഡറി വിഭാഗത്തിൽ യഥാക്രമം ചങ്ങനാശേരി സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി സെന്റ് ജോസഫ് എച്ച്. എസ്, വാഴപ്പള്ളി സെന്റ് തെരേസ എച്ച്.എസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, ശിശുക്ഷേമ സമിതി ട്രഷറർ ടി. ശശികുമാർ, വൈസ് പ്രസിഡന്റ് ആർ. ആനന്ദ നാരായണ റെഡ്യാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.എ. നിസാർ, പ്രിയ രാജേഷ്, എൽസമ്മ ജോബ്, ശിശുക്ഷേമസമിതി അംഗങ്ങളായ ഫ്‌ളോറി മാത്യൂ, വി. എം. പ്രദീപ്, എ. പത്രോസ്, ടി.എസ്. സ്നേഹാധനൻ എന്നിവർ പങ്കെടുത്തു.

മുനിസിപ്പൽ ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച വർണാഭമായ ശിശുദിനറാലി നഗരസഭാധ്യക്ഷ ബീന ജോബി ഫ്ളാഗ് ഓഫ് ചെയ്തു. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിനടുത്തുള്ള ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ റാലി സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയിലെ തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രിയും സ്പീക്കറും അധ്യക്ഷയും റാലി കാണാൻ എത്തിയവരെ കൈവീശി അഭിവാദ്യം ചെയ്തു. ശിശുദിന മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ, വർണക്കടലാസുകൾ എന്നിവ കൈകളിലേന്തിയും ചാച്ചാജിക്ക് ജയ് വിളിച്ചും നെഹ്റുവായും ഗാന്ധിയായും ഭാരതാംബയായുമെല്ലാം അണിഞ്ഞൊരുങ്ങിയും നൂറുകണക്കിന് കുട്ടികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ റാലിയിൽ അണിനിരന്നു. പൂക്കളായും പൂമ്പാറ്റകളായും വേഷം ധരിച്ചെത്തിയ കുട്ടികളുമുണ്ടായിരുന്നു. റാലിയിൽ 15 സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close