Thiruvananthapuram

ഊര് സജ്ജം എ.ബി.സി.ഡി പദ്ധതിയിൽ ജില്ലക്ക് അഭിമാന നേട്ടം

**പട്ടിക വർഗ വിഭാഗത്തിലെ എല്ലാവർക്കും ആധികാരിക രേഖകൾ

പട്ടിക വർഗ വിഭാഗത്തിലുള്ള മുഴുവൻ പേർക്കും ആധികാരിക രേഖകൾ ലഭ്യമാക്കി ഊര് സജ്ജം എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാംപെയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതി ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് നിത്യജീവിതത്തിൽ ആവശ്യമായ ആധികാരിക രേഖകളായ ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് തിരിച്ചറിൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ് (കെ.എ.എസ്.പി), ബാങ്ക് അക്കൗണ്ട് എന്നിവ ലഭ്യമാക്കുകയും ഈ രേഖകൾ ഡിജിലോക്കറിൽ സൂക്ഷിക്കാനുള്ള സംവിധാനം ചെയ്യുകയുമാണ് എ.ബി.സി.ഡി പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം മാർച്ചിൽ തന്നെ ജില്ലയിലെ മുഴുവൻ പട്ടികവർഗ വിഭാഗക്കാർക്കും രേഖകൾ ലഭ്യമാക്കിയിരുന്നു.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങളിൽ ഒരു വിഭാഗത്തിന് ആധികാരിക രേഖകളുണ്ടെങ്കിലും അവ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ചിലർക്ക് ഇത്തരം രേഖകളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ മുഴുവൻ ജനങ്ങൾക്കും ആധികാരിക രേഖകൾ ലഭ്യമാക്കാനും അത് സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പട്ടികവർഗവിഭാഗക്കാരുടെ അടുക്കൽ നേരിട്ടെത്തിയും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചുമാണ് ഇവർക്ക് രേഖകൾ ലഭ്യമാക്കിയത്. ക്യാമ്പുകളിലെത്താൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

ജില്ലയിലെ 34 പ്രദേശങ്ങളിലെ പട്ടിക വർഗ കോളനികളിൽ പട്ടിക വർഗ വികസന വകുപ്പ് (ഐ.റ്റി.ഡി.പി) നടത്തിയ പഠനത്തിൽ വലിയൊരു വിഭാഗത്തിന് രേഖകൾ കൈവശമില്ലെന്നും കുറച്ചു പേർക്ക് രേഖകളിൽ തിരുത്തലുകൾ ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഏഴ് ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 2022 ഡിസംബർ മുതൽ മൂന്ന് മാസക്കാലയളവിൽ 10 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈ ക്യാമ്പുകളിൽ പട്ടിക വർഗ വിഭാഗത്തിൽ പെട്ട 4,735 പേർ പങ്കെടുക്കുകയും 10,106 സേവനങ്ങൾ നൽകുകയും ചെയ്തു. കുറഞ്ഞ കാലയളവിൽ പദ്ധതി പൂർത്തീകരിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം ജില്ല.
    
ജില്ലാ ഭരണകൂടത്തിന് കീഴിൽ പട്ടിക വർഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള സംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ്, ഇലക്ഷൻ വകുപ്പ്, ആരോഗ്യ വകുപ്പ്, വില്ലേജ് ഓഫീസർമാർ, കെ.എ.എസ്.പി, ലീഡ് ബാങ്ക്, മറ്റ് അനുബന്ധ ബാങ്കുകൾ, നെഹ്‌റു യുവ കേന്ദ്ര, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, മറ്റ് വോളണ്ടിയർമാർ, ബി.എസ്.എൻ.എൽ, കേരള വിഷൻ, ഹരിതകർമ്മ സേന തുടങ്ങിയവരും പദ്ധതിയിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close