Kottayam

മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷ പബ്ലിക് ഹിയറിംഗ് നടത്തും: വനിത കമ്മീഷൻ

കോട്ടയം: മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ടു കേൾക്കുന്നതിനായി കോട്ടയം ജില്ലയിൽ ഒക്ടോബറിൽ പബ്ലിക് ഹിയറിംഗ് നടത്തുമെന്ന് കേരള വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളിൽ തൊഴിൽ സുരക്ഷയും സ്ത്രീ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതിനായി സംസ്ഥാന സർക്കാരിലേക്ക് മാർഗരേഖയും കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ അധ്യക്ഷ.
സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തൊഴിലാളി സംഘടനകൾ ശ്രദ്ധിക്കണം. സ്ത്രീകൾക്ക് അന്തസോടെ തൊഴിലെടുക്കാൻ സാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കുടുംബ പ്രശ്നങ്ങളെല്ലാം അതിസങ്കീർണ്ണമായ രീതിയിലേക്ക് മാറുകയാണ്. ഭാര്യ, ഭർത്താക്കന്മാർ തമ്മിലും ഭർത്താവിന്റെ കുടുംബാംഗങ്ങൾ തമ്മിലുമുള്ള പ്രശ്നങ്ങൾ സങ്കീർണ്ണമായാണ് ഇന്ന് പലയിടത്തും മുന്നോട്ടു പോകുന്നത്. മുതിർന്ന സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണെന്നും അവർ ഒറ്റപ്പെടലുകളും മാനസിക സംഘർഷങ്ങളും നേരിടുന്നുവെന്നും കമ്മീഷൻ പറഞ്ഞു. ഇവരെ നോക്കാൻ മക്കൾ തയാറാണെങ്കിൽ പോലും മക്കൾക്കൊപ്പം നിൽക്കാൻ മുതിർന്ന പൗരന്മാർ തയാറാകുന്നില്ല. മുതിർന്നവരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പകൽ വീടുകൾ സ്ഥാപിക്കണം. വാർഡ് തലങ്ങളിലെ  ജാഗ്രത സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി പൊതുസമൂഹത്തിൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
56 കേസുകൾ പരിഗണിച്ചതിൽ 12 എണ്ണം തീർപ്പാക്കി. നാലു കേസുകളിൽ പോലീസ് റിപ്പോർട്ട് തേടി. 40 കേസുകൾ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി. വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, കമ്മീഷന്റെ പാനൽ അഭിഭാഷകരായിട്ടുള്ള അഡ്വ. ഷൈനി ഗോപി, അഡ്വ. സി. എ. ജോസ്, അഡ്വ. സി. കെ. സുരേന്ദ്രൻ, വനിതാ സെൽ ഉദ്യോഗസ്ഥരായ റംല ബീവി, സി.പി.ഒ. ഷാഹിന എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close