Kottayam

ചാമ്പ്യൻസ് ബോട്ട് ലീഗ്; താഴത്തങ്ങാടി ഒരുങ്ങി

കോട്ടയം: നാളെ (ശനിയാഴ്ച ഒക്‌ടോബർ 7) നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിനുള്ള ഒരുക്കങ്ങളായി. കളക്‌ട്രേറ്റിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഒരുക്കം വിലയിരുത്തി.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സുരക്ഷയ്ക്കായി 235 പൊലീസുകാരെ നിയോഗിക്കും. പൊലീസിന്റെ രണ്ടു സ്പീഡ് ബോട്ടുകളും അഗ്നിരക്ഷ സേനയുടെ രണ്ടു ഡിങ്കികളും ഉപയോഗിക്കും. ടൂറിസം വകുപ്പിന്റെ അഞ്ചു ലൈഫ് ഗാർഡുകളും കോട്ടയം വെസ്റ്റ് ക്ലബ് നിയോഗിക്കുന്ന 16 ലൈഫ് ഗാർഡുമാരുടെയും സേവനം ലഭ്യമാക്കും. അഗ്നിരക്ഷാ സേനയുടെ രണ്ട് സ്‌കൂബാ സംഘത്തെ നിയോഗിക്കും. സ്റ്റാർട്ടിങ് പോയിന്റിലുള്ള തൂക്കുപാലത്തിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. മത്സരസമയത്ത് ഫിനിഷിങ് പോയിന്റിലെ പാലത്തിനടിയിലോ ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിനായി സ്ഥാപിച്ച കാലുകളിലോ ആളുകൾ കയറുന്നത് തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കും. മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ഉച്ചകഴിഞ്ഞ് 1.30 മുതൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കവും യോഗം വിലയിരുത്തി.
ഒൻപതു ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരവും നടക്കും. യോഗത്തിൽ ആർ.ഡി.ഒ. വിനോദ് രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡിവൈ.എസ്.പി. കെ.ജി. അനീഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, ഡി.ടി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, കോട്ടയം വെസ്റ്റ് ക്ലബ് ചീഫ് കോ-ഓർഡിനേറ്റർ പ്രൊഫ. കെ.സി. ജോർജ്, കോ-ഓർഡിനേറ്റർ ലിയോ മാത്യു, പ്രസിഡന്റ് സുനിൽ എബ്രഹാം, ട്രഷറർ കെ.ജി. കുര്യച്ചൻ, സെക്രട്ടറി സാജൻ പി. ജേക്കബ്, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. ഭഗത് സിംഗ്, ഉദ്യോഗസ്ഥരായ യു. രാജീവ്, ജിൻസി ചാണ്ടി, ഷാർലറ്റ്, പി.എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close