Kottayam

വാഗ്ദാനം നൽകിയ സേവനം ലഭ്യമാക്കാത്ത മാനസികാരോഗ്യ കേന്ദ്രം ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കമ്മീഷൻ

കോട്ടയം: വാഗ്ദാനം നൽകിയ സേവനം ലഭ്യമാക്കാതെ, അടിസ്ഥാന സൗകര്യമില്ലാതെയും അശാസ്ത്രീയമായും പ്രവർത്തിച്ച മാനസികാരോഗ്യകേന്ദ്രം ഉപഭോക്താവിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്.
പരിയാരം ലീലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി മാന്തുരുത്തി സ്വദേശി നൽകിയ പരാതിയിലാണ് പുതുപ്പള്ളി പരിയാരം ലീലാ ഹോസ്പിറ്റൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
മാനസികാസ്വാസ്ഥ്യ ചികിത്സയോടൊപ്പം യോഗയും കൗൺസിലിങ്ങും നൽകുമെന്ന വാഗ്ദാനത്തെത്തുടർന്നാണ് പരാതിക്കാരനെ പരിയാരം ലീലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജയിലിന് സമാനമായ സെല്ലിൽ അടച്ചിടുകയും ജീവനക്കാരുടെ ഭാഗത്തുനിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിട്ടതായും പരാതിയിൽ പറയുന്നു.

ജില്ലാ കളക്ടറുടെ ഉത്തരവിൻമേൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം സൈക്യാട്രിസ്റ്റിന് റ്റി.സി.എം.സി. രജിസ്ട്രേഷൻ ഇല്ലെന്നും ആശുപത്രിയുടെ പ്രവേശനകവാടത്തിൽ നായയെ കെട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സേവനങ്ങൾ നൽകുന്ന ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റം ഹൃദ്യമായിരിക്കണമെന്നും രോഗാവസ്ഥ പൂർണമായി ഭേദപ്പെടുത്തി പുനരധിവാസത്തിലൂടെ അവരെ സമൂഹത്തിലെ മറ്റു വ്യക്തികളെപോലെ ജീവിക്കാനുതകുന്ന രീതിയിൽ മാറ്റിയെടുക്കാൻ പരിശീലനങ്ങളും നിർദ്ദേശങ്ങളും ജീവനക്കാർക്ക് നൽകണമെന്നും നിർദ്ദേശം നൽകിയിരുന്നു. രോഗികൾക്ക് മാനസിക ഉല്ലാസത്തിന് സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും അറിയിച്ചിരുന്നു.
ലീലാ ആശുപത്രിയുടെ പ്രവർത്തനത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കുന്നതിന് സ്ഥാപന മേധാവിയ്ക്കും ജീവനക്കാർക്കും മെഡിക്കൽ ഓഫീസർ നിർദേശം നല്കിയിരുന്നു. പ്രസ്തുത അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ആശുപത്രിയുടെ സേവനന്യൂനതയും അനുചിത വ്യാപാരനയവും മൂലം പരാതിക്കാരനുണ്ടായ മാനസികവ്യഥ കണക്കിലെടുത്ത് പരാതിക്കാരന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വി.എസ്. മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close