Kottayam

യുവതലമുറ ലോകത്തെവിടെയും പോയി ജോലി ചെയ്യാൻ കഴിവുള്ളവർ: മന്ത്രി കെ.എൻ ബാലഗോപാൽ

കോട്ടയം: കേരളത്തിലെ യുവതലമുറ ലോകത്തെവിടെയും പോയി ജോലി ചെയ്യാനും പഠിക്കാനുമുള്ള കഴിവുള്ളവരാണ് എന്നത് കൂടിയാണ് പുറം രാജ്യങ്ങളിലേക്ക് കേരളത്തിലെ യുവതലമുറ  പോകുന്നത് തെളിയിക്കുന്നതെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് കോട്ടയം നിയോജകമണ്ഡല തല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ മുന്നിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് എത്താൻ നല്ല ആത്മവിശ്വാസം ആവശ്യമാണ്. അത്തരം ആത്മവിശ്വാസമുള്ളത് കൊണ്ടാണ് കേരളത്തിന്റെ മന്ത്രിസഭ നേരിട്ട് ജനങ്ങളുടെ അടുത്തേക്ക് എത്തുന്നത്.
കോട്ടയം ജില്ല സമാനതകളില്ലാത്ത വികസനത്തിനാണ് ഈ സർക്കാരിന്റെ കാലത്ത് സാക്ഷിയായത്. രാജ്യത്ത് സൗജന്യ ചികിത്സ നൽകുന്നതിൽ ഒന്നാം സ്ഥാനത്തായി കോട്ടയം മെഡിക്കൽ കോളേജ്. സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കലും കരൾ മാറ്റിവയ്ക്കലും നടത്തുകയാണ്. 130 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കോട്ടയം ജനറൽ ആശുപത്രിയിൽ പണിയാനൊരുങ്ങുന്നത്.
 നഴ്സിംഗ് മേഖലയിലെ തൊഴിൽ സാധ്യത കണക്കിലെടുത്ത് ഈ സാമ്പത്തിക വർഷം 16 നഴ്‌സിങ് കോളജ് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ആരംഭിച്ചു. 80,000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ മാറ്റിവച്ചത്. തീരദേശ ഹൈവേയും  ദേശീയ ഹൈവേയും പ്രാവർത്തികമാക്കി. ഉൾപ്രദേശങ്ങളിൽ പോലും ബി.എം.ബി.സി. റോഡുകൾ പണി കഴിപ്പിച്ചു. കേരളത്തിൽ ശമ്പളമായി നൽകുന്നതിന്റെ 49 ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ് നൽകുന്നത്. 62 ലക്ഷത്തിലധികം പേർക്ക് സാമൂഹ്യപെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close