Kottayam

അരിവിതരണം മുടങ്ങുമെന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി അഡ്വ.ജി.ആർ. അനിൽ

കോട്ടയം: ക്രിസ്മസ് കാലത്ത് അരി വിതരണം മുടങ്ങുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ പറഞ്ഞു. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
യുക്തിക്ക് നിരക്കാത്ത വാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുക എന്നതുമാത്രമാണ് ലക്ഷ്യമിടുന്നത്. ശബരിമലയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കുമ്പോൾ കേരളത്തെക്കുറിച്ച് ഭീതി സൃഷ്ടിക്കുന്ന വാർത്തകളാണ് മറ്റ് സംസ്ഥാനങ്ങളിലടക്കം പ്രചരിപ്പിക്കുന്നത്. ഇത്തരം വാർത്തകളുടെ സത്യാവസ്ഥകൾ ജനസമക്ഷം എത്തിക്കുക കൂടിയാണ് നവകേരള സദസിന്റെ ലക്ഷ്യം.

25 വർഷത്തിനപ്പുറമുളള വികസനക്ഷേമ പ്രവർത്തനങ്ങളാണ് ഈ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2016 ൽ സർക്കാർ അധികാരത്തിലേറിയപ്പോൾ വികസന രംഗത്ത് കേരളം പിന്നോക്കം നിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വീടുകൾ, ഭക്ഷ്യ ഭദ്രത എന്നിങ്ങനെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് കൊണ്ടുള്ള വികസനമാണ് സർക്കാർ കേരളത്തിൽ നടപ്പാക്കിയത്.
 84,000 കോടി രൂപയുടെ വിവിധ പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കി. ഏഴര വർഷം മുൻപ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 33 ലക്ഷം പേർക്കായി 1473 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ കുടിശികയായി കിടക്കുകയായിരുന്നു. എന്നാൽ സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ഈ കുടിശിക മുഴുവൻ കൊടുത്ത് തീർത്തു. 64 ലക്ഷം ആളുകൾക്ക് 57603.4 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷനായ ഒന്നും രണ്ടും പിണറായി സർക്കാർ നൽകിയെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close