Kollam

കൊല്ലം തീരദേശമേഖല സന്ദര്‍ശനം: അവശ്യരേഖകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും: വനിത കമ്മിഷന്‍

കൊല്ലം ജില്ലയിലെ തീരദേശ മേഖലയിലെ വനിതകള്‍ക്ക് അവശ്യരേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കൊല്ലം മൂതാക്കരയിലെ മത്സ്യതൊഴിലാളി കോളനിയിലും തൊട്ടടുത്ത് സുനാമിയില്‍ വീടു നഷ്ടപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസിപ്പിച്ചിരിക്കുന്ന ഫ്‌ളാറ്റുകളിലും കഴിയുന്ന അവശനിലയിലും ഒറ്റപ്പെട്ടതുമായ സ്ത്രീകളെ വീടുകളിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

സന്ദര്‍ശനം നടത്തിയ വീടുകളില്‍ ചിലയിടത്ത് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള അവശ്യ രേഖകള്‍ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും. മാനസിക വെല്ലുവിളി നേരിടുന്നവര്‍, അംഗപരിമിതര്‍, നിരാലംബര്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ കമ്മിഷന്‍ നേരിട്ട് സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രദ്ധയില്‍പ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

തീരദേശമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം ജില്ലയില്‍ രണ്ടു ദിവസത്തെ ക്യാമ്പും ഭവന സന്ദര്‍ശനവും വനിത കമ്മിഷന്‍ സംഘടിപ്പിച്ചത്. ഇതില്‍ വര്‍ഷങ്ങളായി ശയ്യാവലംബരായി കഴിയുന്ന സഹോദരിമാരുണ്ട്. ഇവരെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും ആശവര്‍ക്കര്‍മാരും പാലിയേറ്റീവ് പ്രവര്‍ത്തകരും സജ്ജമായിട്ടുണ്ട്. ഇവരാരും നിരാശരല്ല. എല്ലാവരേയും സഹായിക്കാന്‍ ആളുകളുണ്ട് എന്ന പ്രതീക്ഷയും സംതൃപ്തിയും എല്ലാവരും വച്ചുപുലര്‍ത്തുന്നുണ്ട്.

ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതിനുള്ള നടപടികളാണ് വനിത കമ്മിഷന്‍ ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വലിയ രൂപത്തില്‍ വര്‍ധിച്ചു വരുന്നുണ്ട്. കേരളത്തിലെ ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വനിത കമ്മിഷന്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നതിന് ഒരു പബ്ലിക് ഹിയറിംഗ് നടത്തും. ഗാര്‍ഹിക പീഡനങ്ങള്‍ ഏറ്റവും കൂടുതലായി വര്‍ധിക്കുന്ന സാഹചര്യം പൊതുവേ സമൂഹത്തിലുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും കൂടുതലായി നിലനില്‍ക്കുന്നത് തീരദേശ മേഖലയിലാണ്.

മൂതാക്കരയിലെ മത്സ്യതൊഴിലാളി കോളനിയില്‍ സ്വന്തമായി നിര്‍മിച്ച വീടുകളിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്. ഇതിനു സമീപം സുനാമിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ ഫ്‌ളാറ്റുകളില്‍ 168 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. വനിത കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, പി കുഞ്ഞായിഷ, വനിത കമ്മിഷന്‍ ഫിനാന്‍സ് ഓഫീസര്‍ ലീജാ ജോസഫ്, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close