Kollam

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍

ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മേഖലയിലെ വനിതകള്‍നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ നടത്തിയ ക്യാമ്പിന്റെ ഭാഗമായി ഗാര്‍ഹികപീഡന നിരോധനനിയമം 2005 വിഷയത്തിലുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.

  പുരുഷന്‍ സ്ത്രീയുടെ മുഖ്യശത്രുവാണെന്ന സമൂഹത്തിന്റെ മനോഭാവം മാറണം. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കൗണ്‍സിലിങിനു പോലും കാത്തു നില്‍ക്കാതെ വിദ്യാസമ്പന്നരായ യുവതികള്‍ പോലും വിവാഹശേഷം ആത്മഹത്യയിലേക്ക് പോകുന്ന പ്രവണതയുണ്ട്. സ്ത്രീപീഡനം, ചൂഷണം, വിവേചനം എന്നിവ ഇല്ലാതാക്കുന്നതിനും സ്ത്രീശാക്തീകരണം ശക്തിപ്പെടുത്തുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.

സ്ത്രീകള്‍ ചൂഷണത്തിനും വിവേചനത്തിനും ഇരകളാകുന്നു. പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് വനിത കമ്മീഷന്‍ ചെയ്തുവരുന്നത്. കോവിഡ് കാലയളവില്‍ ഗാര്‍ഹികപീഡനങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്‌നപരിഹാരത്തിനായി കൂട്ടായപ്രവര്‍ത്തനം അനിവാര്യമാണെന്നും അധ്യക്ഷ പറഞ്ഞു.

തീരദേശ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്നും നേരിട്ടു മനസിലാക്കുന്നതിനും സര്‍ക്കാര്‍ അവര്‍ക്കായി നടപ്പിലാക്കുന്ന നൂതന ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവാ•ാരാക്കുന്നതിനും വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെ സാധിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

 ജില്ലാവനിതാസംരക്ഷണ ഓഫീസര്‍ ജി പ്രസന്നകുമാരി ക്ലാസ് നയിച്ചു. വനിത കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, എലിസബത്ത് മാമന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രിന്‍സ്, മദര്‍ സുപ്പീരിയര്‍ ആനി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

     നാളെ (നവംബര്‍ 10) രാവിലെ 8.30ന് വാടിയിലെ തീരദേശ മേഖലയില്‍ വനിതകമ്മിഷന്‍ സന്ദര്‍ശനംനടത്തും. തീരദേശമേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശേരി മൂതാക്കര സെന്റ് പീറ്റേഴ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷനംഗം വി ആര്‍ മഹിളാമണി അധ്യക്ഷത വഹിക്കും.

എം. മുകേഷ് എം എല്‍ എ വിശിഷ്ടാതിഥിയാകും. വനിത കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍,പി. കുഞ്ഞായിഷ, എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിക്കും. ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ ടി കെ ആനന്ദി ചര്‍ച്ച നയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close