Kollam

എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും

ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്ജ്

കോട്ടയം: എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമമാക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ഇല്ലാതെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും. കോട്ടയത്തെ താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രികൾ സന്ദർശിച്ചശേഷം കളക്‌ട്രേറ്റിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കോട്ടയം, പാലാ ജനറൽ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്താനായി രണ്ടു ഷിഫ്റ്റ് എന്നത് മൂന്നാക്കി ഉയർത്തും. ഇതിനാവശ്യമായ ജീവനക്കാരെ ആശുപത്രി വികസന സമിതി വഴി നിയോഗിക്കും. വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലെ കെട്ടിടനിർമാണം മാർച്ചിനകം പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. കോട്ടയം ജനറൽ ആശുപത്രിയിലെ കെട്ടിടനിർമാണം ഉടൻ ആരംഭിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും നിർദ്ദേശിച്ചു. എല്ലാ താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തും. എല്ലായിടത്തും സൗരോർജ്ജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. പാലാ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഒഴിവ് നികത്തും. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാരുണ്യ ഫാർമസി ഡിസംബറിൽ ആരംഭിക്കും. ഇവിടെ ഒ.പിയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി., എം.എൽ.എ. മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജയശ്രീ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, ആശുപത്രി സൂപ്രണ്ടുമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.

ആശുപത്രികളുമായി ബന്ധപ്പെട്ട് യോഗത്തിലെ പ്രധാനതീരുമാനങ്ങൾ ചുവടെ:

വൈക്കം താലൂക്ക് ആശുപത്രി

സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 56 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തീകരിക്കാൻ സംസ്ഥാന ഹൗസിങ് ബോർഡിന് നിർദ്ദേശം.

കുറവിലങ്ങാട് താലൂക്ക് ആശുപത്രി

സംസ്ഥാന സർക്കാർ ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പ്രാരംഭ മുന്നൊരുക്ക പ്രവർത്തനം ആരംഭിച്ചു.

52 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന് ഭരണാനുമതി ലഭിച്ചിട്ട് ഏഴു വർഷമായിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. കിഫ്ബി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജനുവരിയിലെ ബോർഡ് യോഗത്തിൽ അനുമതിവാങ്ങി പ്രവർത്തി ആരംഭിക്കാൻ ഹൗസിങ് ബോർഡ് അധികൃതർക്ക് നിർദ്ദേശം.

ജീവിതശൈലീ രോഗപരിശോധന ക്ലിനിക് എല്ലാ ദിവസവും പ്രവർത്തിക്കാൻ നിർദ്ദേശം. നിലവിൽ രണ്ടുദിവസമാണുള്ളത്.

കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.

പാലാ ജനറൽ ആശുപത്രി

ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർദ്ദേശം. ഏഴു ഡോക്ടർമാർ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. രാത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം വേണം. ഇതിന്് നടപടിയെടുക്കണം.

എച്ച്.എം.സി. നടത്തുന്ന ലബോറട്ടറി 24 മണിക്കൂറും പ്രവർത്തിപ്പിക്കണം.

ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷൻ നേടാൻ നടപടിക്ക് നിർദ്ദേശം.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

ഒരു കോടി രൂപ ആരോഗ്യകേരളം ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന നേത്ര ശസ്ത്രക്രിയ തിയേറ്റർ, 75 ലക്ഷം രൂപ ഉപയോഗിച്ച് ക്രമീകരിക്കുന്ന ഓപ്പറേഷൻ തിയേറ്റർ എന്നിവ രണ്ടു മാസത്തിനകം പൂർത്തിയാക്കും.

രോഗികളുടെ കാത്തിരിപ്പു സ്ഥലത്തിലെ അപര്യാപ്തത പരിഹരിച്ച് കൂടുതൽ പേർക്ക് ഇരിക്കാനാവശ്യമായ സൗകര്യം ഏർപ്പെടുത്തണം.

കൂടുതൽ ഗൈനക്കോളജിസ്റ്റുമാർ നഴ്‌സിംഗ് ഓഫീസർമാരെയും നിയമിച്ച് പ്രസവ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

ശിശുരോഗ ചികിത്സാവാർഡിലെ അപര്യാപ്തതകൾ പരിഹരിക്കും.

പാമ്പാടി താലൂക്ക് ആശുപത്രി

ആരോഗ്യകേരളം പദ്ധതിയിലൂടെ 2.3 കോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന ട്രോമാ പരിചരണ കേന്ദ്രത്തിന്റെ നിർമാണം മേയിൽ പൂർത്തിയാക്കാൻ നിർദ്ദേശം.

ആംബുലൻസ് സേവനം തടസരഹിതമായി പ്രവർത്തിക്കാൻ നടപടി എടുക്കണം.

ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ പദ്ധതി രൂപീകരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനം നടപടിയെടുക്കണം.

ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിലെ ചോർച്ച പരിഹരിക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗം പരിശോധന നടത്തി നടപടി സ്വീകരിക്കും.

ചങ്ങനാശേരി ജനറൽ ആശുപത്രി

ഡയാലിസിസ് വിഭാഗം ആരംഭിക്കാൻ ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കണം.

നേത്രശസ്ത്രക്രിയ ഓപ്പറേഷൻ തിയേറ്റർ നിർമാണം പൂർത്തിയാക്കണം.

അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും.

കോട്ടയം ജനറൽ ആശുപത്രി

കിഫ്ബി ഫണ്ട് 229 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റൽ പൂർത്തിയായി. സ്ഥലം നിർമാണ ചുമതലയുള്ള ഇൻകെലിന് കൈമാറാൻ നിർദ്ദേശം. മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. മേൽക്കൂരയിൽ സോളാർ വൈദ്യുതി സംവിധാനം ഒരുക്കാനും നിർദ്ദേശം.

നിലവിലെ നേത്ര ശസ്ത്രക്രിയ തീയേറ്ററുകൾ പൊളിച്ചുനീക്കുമ്പോൾ താത്കാലികമായി ശാസ്ത്രക്രിയക്കാവശ്യമായ സൗകര്യങ്ങൾ ആശുപത്രിക്കുള്ളിൽ 10, 11, 12 റൂമുകളിൽ തന്നെ നവംബർ 23നകം ഏർപ്പെടുത്തും.

അഞ്ചാം വാർഡിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് ആശുപത്രി വികസനസമിതി ജില്ലാപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് കൈമാറി.

ആശുപത്രിക്കാവശ്യമായ വെളളം ലഭ്യമാക്കുന്നതിന് 87 ലക്ഷം രൂപയുടെ ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഡയാലിസിസ് ഒരു ഷിഫ്റ്റ് കൂടി ആരംഭിക്കും. നിലവിലെ 49 രോഗികൾക്കു പുറമേ 15 രോഗികൾക്കു കൂടി സേവനം ലഭ്യമാക്കണം. ആവശ്യമായ ടെക്‌നിഷ്യൻമാരെ അഡ്‌ഹോക് ആയി നിയമിക്കാൻ നടപടി സ്വീകരിക്കും.

ആശുപത്രിയിലെ ശുചിമുറികൾ ഉടൻ ഉപയോഗയോഗ്യമാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close