Alappuzha

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടന്നു

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഉണർവ് 2023 എ.എം.ആരിഫ് എം.പി നിർവഹിച്ചു. ഭിന്നശേഷി ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സർക്കാർ സംവിധാനത്തിനൊപ്പം പൊതു സമൂഹവും പങ്കാളിയാകണമെന്ന് എംപി പറഞ്ഞു. ജില്ല സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും  പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ല സാമൂഹ്യനീതി വകുപ്പ് കേരള നോളജ് എക്കണോമി മിഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സേവനം സമഗ്ര പദ്ധതി എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 102 ഭിന്നശേഷികാർ ഓൺലൈനിലൂടെ തൊഴിൽ കണ്ടെത്തുന്നതിനായി രജിസ്റ്റർ ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിലെ താമസകാർക്ക് പൗരാവകാശ രേഖകൾ ലഭ്യമാക്കുന്നതിനായി ജില്ല സാമൂഹ്യനീതി ഓഫീസ്, ജില്ല അക്ഷയ കേന്ദ്രവുമായി സഹകരിച്ച് നടപ്പിലാക്കുന്ന സിറ്റിസൺ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം കേരളശ്രീ ഡോ. പുനലൂർ സോമരാജൻ നിർവഹിച്ചു

ജില്ല ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, നോളജ് എക്കണോമി മിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,  സ്കൂളുകൾ, മറ്റ് സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നസീർ പുന്നക്കൽ, എ.എസ്. കവിത, ജില്ല സാമൂഹ്യനീതി ഓഫീസർ എ.ഒ. അബിൻ, ജില്ലാതല ഭിന്നശേഷി കമ്മിറ്റി അംഗങ്ങളായ ഹരികുമാർ, ആര്യ ബൈജു, റ്റി.റ്റി. രാജപ്പൻ, പി.എ. അബ്ദുൽ റഷീദ്, കേരള നോളജ് എക്കണോമി മിഷൻ റീജിയണൽ മാനേജർ എ.ബി. അനൂപ് പ്രകാശ്, ഐ.ടി. മിഷൻ ജില്ല പ്രോജക്ട് മാനേജർ വിഷ്ണു കെ. മോഹൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. സന്തോഷ്,  സേവദ ഫാമിലി ചെയർമാൻ മുജീബ് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തു തലത്തിൽ നടന്ന കലോത്സവത്തിൽ വിജയികളായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

സമാപന സമ്മേളന ഉദ്ഘാടനവും സഹചാരി അവാർഡ് വിതരണവും സമ്മാനദാനവും നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ നിർവഹിച്ചു. എം.എൻ. ദീപു , പ്രൊബേഷൻ ഓഫീസർ സന്തോഷ്, എസ്. സലീഷ് കുമാർ,  പ്രദീപ് കുമാർ , ഷംല, സലീന, കണ്ണൻ, വിവിധ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close