THRISSUR

സിറ്റി ഗ്യാസ്; കുന്നംകുളം മണ്ഡലത്തിൽ 336 വീടുകളിൽ ലഭ്യമാക്കി

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചകവാതകം അടുക്കളയിലെത്തുന്ന സിറ്റി ഗ്യാസ് പദ്ധതി ദ്രുതഗതിയിൽ മുന്നേറുന്നു. കുന്നംകുളം മണ്ഡലത്തിലെ 336 വീടുകളിൽ സിറ്റി ഗ്യാസ് എത്തിച്ചു. കുന്നംകുളം നഗരസഭയിലെ 13 വാർഡുകളിലും ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്ന് വാർഡിലുമാണ് പദ്ധതി നടപ്പാക്കിയത്.

എല്ലാ വീടുകളിലും സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനായി 2600 വീടുകളിൽ കണക്ഷനുവേണ്ടിയുള്ള പണി പൂർത്തിയായി. 4300 ഓളം അപേക്ഷകളാണ് സിറ്റി ഗ്യാസ് കണക്ഷനു വേണ്ടി കുന്നംകുളം മണ്ഡലത്തിൽ ലഭിച്ചിട്ടുള്ളത്. 482 പേർ അപേക്ഷ ഫീസ് അടച്ചതിൽ 336 കണക്ഷൻ കൊടുത്തു.

അപകടരഹിതമായി മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ് . ജില്ലയിൽ ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചത് കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലാണ് .

ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് പൈപ്പ് ലൈൻ വഴി 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് വീടുകളിലെത്തും. പൈപ്പ് വഴി കുടിവെള്ളം വീടുകളിലെത്തുന്നതുപോലെ പാചകവാതകവും ഓരോ അടുക്കളയിലുമെത്തും.

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ആണ് പരിസ്ഥിതി സൗഹ്യദമായ സിറ്റി ഗ്യാസ് ജില്ലയിൽ നടപ്പാക്കുന്നത്. കണക്ഷൻ ലഭ്യമാകുന്നതിന് ഗുണഭോക്താക്കൾക്ക് ഡെപ്പോസിറ്റ് തുക തവണകളായി അടയ്ക്കാവുന്ന സ്കീമുൾപ്പെടെ നാല് സ്കീമുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഇന്ധന ചെലവ് 20 ശതമാനം കുറയ്ക്കാനാകും. സിലിണ്ടർ ഗ്യാസ് വീട്ടിലെത്തിക്കുന്നതിന് വേണ്ടി വരുന്ന ഗതാഗതച്ചെലവും ലാഭിക്കാം. ഗതാഗതക്കുരുക്കും റോഡിലെ അപകടസാധ്യതയും കുറയ്ക്കാനാകുമെന്നതും പ്രധാനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close