Kasaragod

നീലേശ്വരം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ട്രോഫിയുമായി മുന്നില്‍

കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ചരിത്ര രേഖയില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ് ഈ അവാര്‍ഡ് നേട്ടം. പോരായ്മകളും പരിമിതികളും ഏറെയുണ്ടെങ്കിലും ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് നൂതനമായിട്ടുള്ള കാഴ്ചപ്പാടുകള്‍, സുതാര്യത, സുസ്ഥിരത, സമഗ്രത, എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഏറെ അഭിമാനകരമായിട്ടുള്ള സമ്മാനമാണ് ലഭിച്ചത്. നമ്മുടെ സ്രോതസ്സുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്റെ ഔന്നിത്വം സ്വപ്നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും കൂടുതല്‍ മികച്ചു നിന്നതിനാണ് സംസ്ഥാന തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പറഞ്ഞു.

2022-23 പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം.  ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലീനിക്ക്, അതിജീവനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്‌നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും, സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രികാല ഒ.പി, മൂന്ന് ഫിഷ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സി യില്‍ ബ്ലോക്ക്തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് കൊണ്ട് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌ക്കരണത്തിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആര്‍.ആര്‍.എഫ് മാതൃക. കാര്‍ഷിക രംഗത്ത് യന്ത്ര വത്കൃത തൊഴില്‍ സേന, അഭ്യസ്ത വിദ്യരായ പട്ടകജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ശില്പശാല, സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും, വ്യാവസായ മേഖലയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ബ്രാന്‍ഡില്‍ മുരങ്ങയില, തുളസിയില ടീ-ബാഗ് യൂണിറ്റുകള്‍, ഇന്‍വെസ്റ്റേഴ്‌സ് മീറ്റു്, ക്ഷീര വികസന മേഖലയില്‍ ക്ഷീര വര്‍ദ്ധിനി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില സബ്‌സിഡി, ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹന വിതരണം. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, തരിശു രഹിത ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേള. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും ശുചിത്വ സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, കുളം നവീകരണം, വനിതാ വിപണന കേന്ദ്രങ്ങള്‍, ബ്ലോക്ക്തല ദുരന്ത നിവാരണ സേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  946845 തൊഴില്‍ ദിനങ്ങളും 662 വ്യക്തിഗത ആസ്തികളും സൃഷ്ടിച്ചു കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി, എന്നിങ്ങനെ സര്‍വ്വതലത്തിലും വികസനങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചു.  

തെളിമയാര്‍ന്ന വികസന കാഴ്ചപ്പാടിന്റെയും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആസുത്രണ മികവിന്റെയും ജനകീയവും നവീനവുമായ വികസന മോണിറ്ററിംഗിന്റെയും നേട്ടങ്ങള്‍ക്കൊപ്പം ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ഉറച്ച പിന്തുണയും നേതൃ മികവും ജനങ്ങളുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്ക് നിതാനം. പ്രിയ സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്തുകള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങി മുഴുവന്‍ പേര്‍ക്കും പ്രസിഡണ്ട് മാധവന്‍ മണിയറ നന്ദി അറിയിച്ചു.

ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജന പിന്തുണയുമാണ് മാധവന്‍ മണിയറ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ്  ഈ നേട്ടങ്ങള്‍ക്കാധാരം.

പൊതുഭരണം, സംരംഭ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ഘടക പദ്ധതികളുടെ പ്രവര്‍ത്തനം, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കുമായുള്ള പദ്ധതികള്‍, ഊര്‍ജ്ജ സൗഹൃദ, ജല സൗഹൃദ പദ്ധതികള്‍, ജീവിത ശൈലീ രോഗ പ്രതിരോധം, ഡയാലിസിസ് സൗകര്യം, ഐ.എസ്.ഒ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ബ്ലോക്ക് പഞ്ചായത്തുകളെ കണ്ടെത്തുന്നതിന് പരിഗണിച്ചത്.

ചെറുവത്തൂരിന് വീണ്ടും അംഗീകാരം

ജില്ലയിലെ മികച്ച പഞ്ചായത്തായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്. 2022-2023 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതിനുമുമ്പ് അഞ്ച് തവണ അവാര്‍ഡ് ചെറുവത്തൂരിനെ തേടിയെത്തിയിരുന്നു. ജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖല, മാലിന്യമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി നിര്‍വ്വഹണം, കേന്ദ്ര സംസ്ഥാനവിഷ്‌ക്യത പദ്ധതികള്‍, ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ സദ്ഭരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവ് കാണിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ മികവ്, സാമൂഹ്യക്ഷേമം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായ്മയിലൂടെ നേടുവാന്‍ സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളയുടെ നേതൃത്വത്തില്‍ 17 അംഗ ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൈമാറി കിട്ടിയ ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ സംവിധാനമാകെ ഭരണസമിതിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള പറഞ്ഞു.

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക

ബേഡഡുക്കയ്ക്ക് വീണ്ടും സ്വരാജ് ട്രോഫി

2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വ്വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സംസ്ഥാന സര്‍ക്കാര്‍ ജില്ലാതലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിനാണ് ബേഡഡുക്ക അര്‍ഹമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം നികുതി തുക പിരിച്ചെടുക്കുകയും 100 ശതമാനം പദ്ധതി തുക ചെലവഴിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് ബേഡഡുക്ക.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍  മികച്ച വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. കൂടാതെ പ്ലാസ്റ്റിക് മാലിന്യ  സംസ്‌കരണത്തിലെ  പ്രവര്‍ത്തന മികവും കൂടി കണക്കിലെടുത്താണ്  അവാര്‍ഡ്. കാര്‍ഷിക  ഭൂവികസന മേഖലയിലും ക്ഷീര മേഖലയിലും, ശിശു സൗഹൃദ പഞ്ചായത്തെന്ന നിലയിലും, സംരംഭക വര്‍ഷത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചും മികച്ച പ്രവര്‍ത്തനമാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്  നടപ്പിലാക്കിയത്.

ബേഡഡുക്ക പഞ്ചായത്തിലെ പൊതുജനങ്ങളുടെ  കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പഞ്ചായത്തിന് തുടര്‍ച്ചയായ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ പറഞ്ഞു.

മഹാത്മാ പുരസ്‌കാരം ജില്ലയില്‍ മടിക്കൈ പഞ്ചായത്തിന് ഒന്നാം സ്ഥാനം

2022-23 വര്‍ഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവിനെ അടിസ്ഥാനമാക്കി തദ്ദേശ വകുപ്പ് നല്‍കുന്ന മഹാത്മ പുരസ്‌കാരം ജില്ലയില്‍ മടിക്കൈ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 221433 തൊഴില്‍ ദിനം സൃഷ്ടിച്ചു. 1804 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കി. 2682 സജീവ കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് ശരാശരി 82 ദിവസം തൊഴില്‍ നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചു. മെറ്റീരിയല്‍ വിനിയോഗം 25 ശതമാനത്തില്‍ മുകളിലാണ്. വ്യക്തിഗത ആസ്തികള്‍, ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നത്തിനായി റോഡ് നിര്‍മ്മാണം, ഡ്രൈനേജ്, നടപ്പാത കൂടാതെ തോടുകള്‍ സംരക്ഷിക്കുന്നതിനു കയര്‍ ഭൂവസ്ത്രം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി. 9 കോടി 35 ലക്ഷം രൂപ ചിലവഴിച്ച് മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരത്തിനു ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷം ജില്ലയില്‍ രണ്ടാം സ്ഥാനമായിരുന്നു.

പനത്തടി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കിയ തൊഴില്‍ ദിനങ്ങളുടെ ശതമാനം, തൊഴില്‍ലഭിച്ച കുടുംബങ്ങളുടെ ശതമാനം, തൊവില്‍ ലഭിച്ച എസ്.സി, എസ്.ടി കുടുംബങ്ങളുടെ ശതമാനം, ആകെ 100 ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ ശതമാനം, കൂലിവിതരണം, മുന്‍ വര്‍ഷത്തെ പ്രവൃത്തി പുരോഗതി, മെറ്റീരിയല്‍ വിനിയോഗ പുരോഗതി, പശുതൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട്, ആസോള ടാങ്ക്, കിണര്‍ റീച്ചാര്‍ജ്ജ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close