Kannur

തീരദേശമേഖലയിൽ വീടു നിർമാണത്തിന് കാലതാമസം: കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ ശുപാർശ നൽകും-വനിതാ കമ്മിഷൻ

തീരപ്രദേശത്തുള്ള വീട് നിർമാണത്തിന് തീരദേശ പരിപാലന നിയമം തടസ്സസമായി നിൽക്കുന്നതായും ഇതു പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് സംസ്ഥാന സർക്കാരിനോടു ശിപാർശ ചെയ്യുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷൻ തീരദേശ മേഖലയിൽ നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ രോഗബാധിതരായവരെ വീടുകളിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. തീരദേശത്തുള്ള കുടുംബങ്ങൾക്ക് സർക്കാർ ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെങ്കിലും നിയമകുരുക്ക് കാരണം നിർമാണത്തിന് കാലതാമസം നേരിടുകയാണ്.
വീട് നിർമിക്കാൻ ഉതകുന്ന രൂപത്തിൽ കേന്ദ്ര സർക്കാർ തീരദേശ നിയമത്തിന്റെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് പല കുടുംബങ്ങളും ആവശ്യപ്പെട്ടു.  വീട് നിർമിക്കാൻ സർക്കാർ ഫണ്ട് പാസാക്കിയിട്ടും വർഷങ്ങളായി വീട് നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അവർ പറഞ്ഞു. കെട്ടിട നിർമാണം കൂടാതെ, തീരദേശ പരിപാലന നിയമം കാരണം കെട്ടിട നികുതിയടക്കം അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ തീരദേശത്തെ കുടുംബങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും മുടങ്ങുന്നതായും കുടുംബങ്ങൾ ആശങ്ക അറിയിച്ചു. ഉപ്പുവെള്ളത്തിന്റെ പ്രയാസങ്ങളടക്കം അറിയിച്ചതായും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി കണ്ണൂർ ജില്ലയിലെ തീരപ്രദേശത്തുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടതാണ്. വലിയ തോതിലുള്ള ഗാർഹിക പീഡനങ്ങളോ ലഹരി ഉത്പന്നങ്ങളുടെ വിപണനം പോലുള്ള പ്രശ്നങ്ങളോ കൂടുതലായി കണ്ടുവരുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സമൂഹത്തിന്റെയും കൃത്യമായ ഇടപെടലാണ് ഇതിന് കാരണമെന്നും  വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. മുഴപ്പിലങ്ങാട് തീരപ്രദേശത്തെ ആറോളം കുടുംബങ്ങളിലെത്തി അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വനിതാ കമ്മിഷൻ അധ്യക്ഷയും അംഗങ്ങളും നേരിട്ടു കണ്ട് മനസിലാക്കി. മൂന്നു മക്കൾ വിധവകളായ കരിങ്കല്ല് ഹൗസിലെ കുഞ്ഞിപ്പാത്തു, ഏഴുവർഷമായി മകൻ കിടപ്പിലായ വയലിൽ ഹൗസിലെ കാച്ചുഉമ്മ, എട്ടുവർഷമായി കിടപ്പിലായ റജീന മൻസിലിലെ റാബിയ, വാർധക്യസഹജമായ അസുഖം കാരണം കിടപ്പിലായ വളപ്പിലെ കണ്ടിയിലെ കൗസല്യ, സുലൈഖ മൻസിലിലെ സുലൈഖ, ടി കെ ഹൗസിലെ സഫിയ എന്നിവരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്. വനിതാ കമ്മീഷൻ അംഗങ്ങൾ വീടുകളിൽ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ് അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് അറിയിച്ചു. കേരളത്തിലെ ഒമ്പത് ജില്ലകളിലാണ് തീരദേശ ക്യാമ്പ് നടത്തുന്നത്. വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ,  മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. സജിത, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, സി ഡി എസ് ചെയർപേഴ്സൺ കെ.വി. നിമിഷ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close