Kannur

21 ലൈഫ് വീടുകളുടെ താക്കോല്‍ കൈമാറലും സമ്പൂര്‍ണ്ണ പ്രഥമശുശ്രൂഷ ഗ്രാമം പ്രഖ്യാപനവും നടത്തി സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു

 പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തരിശ്ശായിക്കിടന്ന സ്ഥലത്ത് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമായി.  വടക്കുമ്പാട് വ്യവസായ എസ്റ്റേറ്റ് പരിസരത്ത് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

21 ലൈഫ് വീടുകളുടെ താക്കോല്‍ദാനവും സമ്പൂര്‍ണ്ണ പ്രഥമശുശ്രൂഷ ഗ്രാമം പ്രഖ്യാപനവും മന്ത്രി
നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ വൈദ്യുതി നിലയമാണ് പെരളശ്ശേരിയിലേത്. 1500 ചതുരശ്ര മീറ്ററില്‍ 276 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. പ്ലാന്റില്‍ നിന്നും പ്രതിദിനം ശരാശരി 600 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. റുര്‍ബന്‍ പദ്ധതി പ്രകാരം 1.25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കെ എസ് ഇ ബി ഡിപ്പോസിറ്റ് വര്‍ക്ക് ഇനത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പൊതുമേഖല സ്ഥാപനമായ ഇന്‍കെലാണ് നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന് കീഴിലുള്ള മറ്റു ഓഫീസുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിദിന വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി കൊണ്ട് സാധിക്കും. ഒരു വര്‍ഷം 2.19 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇവിടെ നിന്ന് കഴിയും.

പ്രഥമ ശുശ്രൂഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും ഒരു അംഗത്തിന് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കിയാണ് കേരളത്തിലെ ആദ്യ സമ്പൂര്‍ണ പ്രഥമ ശുശ്രൂഷ ഗ്രാമമെന്ന നേട്ടം പെരളശ്ശേരി കൈവരിച്ചത്. പെരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മാവിലായി എകെജി സ്മാരക സഹകരണ കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ വാര്‍ഡുകളിലെ മുന്‍കൂട്ടി നിശ്ചയിച്ച വിവിധ കേന്ദ്രങ്ങളില്‍ എത്തി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വ്യാപാരികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കി.
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023-24 സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ച 21 വീടുകളുടെ താക്കോല്‍ കൈമാറലും  80 ലക്ഷം രൂപ ചെലവഴിച്ചാണ് ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി 33 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഫിലമെന്റ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി എട്ടാം വാര്‍ഡിനെ ഫിലമെന്റ് രഹിത വാര്‍ഡായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള പ്രഖ്യാപിച്ചു.
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. സോളാര്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് മെയിന്റനന്‍സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ടി പങ്കജാക്ഷന്‍ സോളാര്‍പ്ലാന്റ് റിപ്പോര്‍ട്ടും പഞ്ചായത്ത് സെക്രട്ടറി പി പി സജിത ലൈഫ് ഭവന പദ്ധതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സമ്പൂര്‍ണ്ണ പ്രഥമ ശുശ്രൂഷ ഗ്രാമം പദ്ധതി വിശദീകരണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷറര്‍ പി പി ബാബു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ സുഗതന്‍, എന്‍ ബീന, എം ശൈലജ, അംഗം വി വി പ്രമോദ്, ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍, സംഘാടകസമിതി കണ്‍വീനര്‍ ടി പി മഹേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close