Kannur

സര്‍ക്കാരിന് വികസനം ബോക്‌സിങ് മത്സരമല്ല: മന്ത്രി മുഹമ്മദ് റിയാസ്

വികസന പ്രവര്‍ത്തനങ്ങളെ ബോക്‌സിങ് മത്സരമായല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂവെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ച തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തലശ്ശേരി ചോനാടത്ത് ഒരുക്കിയ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്നതിനാലാണ് യാഥാര്‍ഥ്യമാകുന്നത്. ചരിത്രത്തില്‍ ആദ്യമായി ദേശീയപാത വികസനത്തിനായി ഫണ്ട് അനുവദിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. 5600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളുമാണ് ഇടപെട്ടത്. കൂടാതെ പൊതുമരാമത്ത്, റവന്യു, വൈദ്യുതി, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ ദേശീയപാത വികസന പ്രവര്‍ത്തനത്തിനായി മുന്നില്‍ നിന്നു. ഇതുപോലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അനുഭാവപൂര്‍വമായ രീതിയിലാണ് എല്ലാ സമയത്തും ഇടപെട്ടത്. ദേശീയപാത വികസനം വേഗത്തില്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് അവലോകനം നടത്തിയാണ്് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. 2025 ഓടെയാണ് ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതെങ്കിലും അതിനുമുമ്പ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. തലശ്ശേരി-മാഹി ബൈപ്പാസ് കേരളത്തിന് അഭിമാന നിമിഷമാണ്. പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതുപോലെ പാലങ്ങളുടെ അടിഭാഗങ്ങളും പാര്‍ക്കുകള്‍ക്കും പൊതുപരിപാടികള്‍ക്കും ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കും. തലശ്ശേരി-മാഹി ബൈപ്പാസുകള്‍ക്കിടയില്‍ അത്തരം സ്ഥലങ്ങളുണ്ടെന്ന് സ്പീക്കര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേശീയപാത വകുപ്പുമായി കൂടിയാലോചിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close