Idukki

ജില്ലയിലെ നവകേരള സദസ് ഡിസംബറിൽ : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

* മന്ത്രിസഭായോഗം 12 ന് തേക്കടിയിൽ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഡിസംബർ 10,11,12 തീയതികളിൽ ഇടുക്കി ജില്ലയിൽ നടക്കും. മുന്നൊരുക്കങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ഡിസംബർ 10 ന് ഉച്ചതിരിഞ്ഞ് ജില്ലയുടെ അതിർത്തി പ്രദേശമായ മടക്കത്താനത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്വീകരണം നൽകും. തുടർന്ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയർ മൈതാനത്ത് നടക്കും.
ഇടുക്കി മണ്ഡലത്തിൽ 11 ന് രാവിലെ 9.30 ന് ചെറുതോണി ടൗണ്‍ ഹാളില്‍ പ്രഭാതഭക്ഷണവും യോഗവും നടക്കും . പതിനൊന്ന് മണിക്ക് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നവകേരളസദസ് . രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം. തുടർന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരളസദസ് നടത്തും.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെകിട്ടു ആറിന് നടക്കും. രാത്രി 9.30 ഓടെ പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബർ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭാ യോഗം ചേരുക. തുടർന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരളസദസ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്,സബ് കളക്ടർ ഡോ. അരുൺ എസ് നായർ, എ. ഡി. എം ഷൈജു പി ജേക്കബ്, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. വി വർഗീസ്, എൽ. ഡി. എഫ് കൺവീനർ കെ. കെ ശിവരാമൻ, രാഷ്ട്രീയകക്ഷി നേതാക്കൾ, ത്രിതലപഞ്ചായത്ത്‌ പ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close