Idukki

ഇടുക്കി മാങ്കുളം ടൂറിസം പവലിയൻ നിർമ്മാണം: പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു

ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിർമ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.

ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച പവലിയൻ വന പ്രദേശത്താണോ പട്ടയഭൂമിയിലാണോ പുറമ്പോക്ക് ഭൂമിയിലാണോ എന്നതിൽ വ്യക്തത വരുത്തണമെന്നു യോഗം വിലയിരുത്തി. ഇതിനായി ദേവികുളം സബ്കലക്ടർ/ആർ.ഡി.ഒ കൺവീനറായി റവന്യു, വനം, സർവ്വേ, പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. സമിതിയിൽ പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടർ, മാങ്കുളം, മലയാറ്റൂർ, മൂന്നാർ ഡി.എഫ്.ഒമാർ, സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവരും അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനമായി.

കുറത്തിക്കുടി ഭാഗത്തേക്കുള്ള റോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ തീരുമാനം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും തീരുമാനിച്ചു. കുറത്തിക്കുടി ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രദേശത്ത് ഇതുവരെ ഉണ്ടായിരുന്ന പോലെ പാസ് ഇല്ലാതെ തന്നെ യാത്ര ചെയ്യാൻ തടസ്സമുണ്ടാകില്ല.

മാങ്കുളം പ്രദേശത്തും തൊട്ടടുത്ത വനം ഡിവിഷനുകളുമായി ബന്ധപ്പെട്ടും റവന്യൂ പ്രദേശങ്ങൾ സംബന്ധിച്ചും ഉള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ദീർഘകാലത്തേക്ക് ഒരു സബ്ബ് കളക്ടറെ നിയമിക്കുന്നതിന് റവന്യൂ മന്ത്രിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ ദേവികളും എം.എൽ.എ അഡ്വ. എ.രാജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് വനീത സജീവൻ, മുഖ്യ വനംമേധാവി ഗംഗാ സിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡ് ഡി.ജയപ്രസാദ്, എ.പി.സി.സി.എഫ് ഡോ.പി.പുകഴേന്തി, മാങ്കുളം, മൂന്നാർ, മലയാറ്റൂർ ഡി.എഫ്.ഒമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ പ്രതിനിധി, വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close