Idukki

ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് സ്‌പൈസസ് പാർക്ക് വഴിയൊരുക്കും :മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .  ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക്  മുട്ടം തുടങ്ങനാട്ട്  ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം  .സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക്   മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് ഒരുക്കുന്നത്. കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വലുപ്പം കൊണ്ട്  ചെറുതാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കേരളം മുന്നിലാണ്. മാത്രമല്ല ലോകത്ത് നമ്മുടെ സംരംഭകരെക്കുറിച്ച് പൊതുവിൽ നല്ല മതിപ്പുമാണ് . അതുകൊണ്ടുതന്നെ ഭക്ഷ്യസംസ്കരണത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കാൻ സംരംഭകർ ശ്രദ്ധിക്കേണ്ടതുണ്ട്.  മാനദണ്ഡങ്ങൾ  കർശനമായിപാലിക്കണം. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കേരളത്തിൽ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണ്.  സർക്കാർ ആരംഭിച്ച ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതി വലിയ വിജയമാണ്. 1500 കോടി രൂപയുടെ നിക്ഷേപവും 60000 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാൻ കഴിഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യത തേടുകയാണ് സർക്കാർ . ഇതിന്റെ ഭാഗമായാണ് ചേർത്തലയിലെ സമുദ്രോത്പന്ന മെഗാ ഫുഡ് പാർക്ക് , കുറ്റിയാടിയിലെ  നാളികേര സംസ്കരണ പാർക്ക് ,വയനാട്ടിലെ കോഫീ പാർക്ക് എന്നിവ.

സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ മേഖലയിൽ നിന്നും  35 കോടി രൂപ കാർഷിക ഇടപെടലുകൾക്കായി നീക്കിവച്ചിട്ടുണ്ട്. ചെറുകിട , സൂക്ഷ്മ സംരംഭങ്ങൾക്ക് വലിയ സാധ്യതയാണുള്ളത്.  ആധുനികവത്കരണത്തോടൊപ്പം  വിതരണ ശൃഖലയും ശക്തമാകേണ്ടതുണ്ട്. കോൾഡ് സ്റ്റോറേജുകൾ , പരിശോധന ലബോറട്ടറികൾ ,ഗവേഷണ സ്ഥാപനങ്ങൾ , നൈപുണ്യവികസന കേന്ദ്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ് . സാധ്യമായ എല്ലാ സഹായങ്ങളും കർഷകർക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടം അടുത്ത 9 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച  വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2021 ൽ തറക്കല്ലിട്ട പാർക്കിന്റെ  ഉദ്‌ഘാടന സമയത്തുതന്നെ 80 ശതമാനം പ്ലോട്ടുകളും അലോട്ട് ചെയ്യാൻ കഴിഞ്ഞുവെന്നത്  കിൻഫ്രയുടെ വലിയ നേട്ടമാണ്.  ദക്ഷിണേന്ത്യയിലെ മികച്ച 12 വ്യവസായപാർക്കുകളിൽ 5 എണ്ണവും കിൻഫ്രയുടേതാണ്. പെട്രോകെമിക്കൽ പാർക്ക് 2024 പൂർത്തീകരിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രഖ്യാപിച്ച ശേഷം 11 പാർക്കുകൾക്ക് പെർമിറ്റ് നൽകിക്കഴിഞ്ഞു. നാല് എണ്ണത്തിന് ഈ മാസം തന്നെ അനുമതി നല്കാൻ കഴിയുമെന്നും ഈ വർഷം  30 പാർക്കുകൾ കേരളത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
 ചരിത്ര നേട്ടമാണ് സ്‌പൈസസ് പാർക്കിലൂടെ ഇടുക്കി കൈവരിച്ചിരിക്കുന്നതെന്ന് പരിപാടിയിൽ മുഖ്യ അതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോവിഡിന് ശേഷം പ്രതിസന്ധിയിലായ കർഷകർക്ക്  മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക്  സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 ഏക്കര്‍ സ്ഥലത്ത് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു.  സുഗന്ധവ്യഞ്ജന തൈലങ്ങള്‍,  കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി  തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍ , ക്രഷ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, എ ടി എം കൗണ്ടര്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ , വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

 എം എൽ എ മാരായ എം എം മണി , എ രാജ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ജില്ലാ കളക്ടർ ഷീബ ജോർജ്ജ്,  ഉദ്യോഗസ്ഥപ്രമുഖർ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.

ചെറുതോണിയിൽ മിനി ഫുഡ് പാർക്ക് വരുന്നു

ചെറുതോണിയിൽ രണ്ട് വർഷങ്ങൾക്കുള്ളിൽ  മിനി ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് . ഇതിനായി പത്ത്  ഏക്കർ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ  മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി.  കേരളത്തിൽ ആകെ പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ നിരന്തര ശ്രമങ്ങളാണ് ഇടുക്കിയിലെ ചെറുതോണിയിൽ മിനി ഫുഡ് പാർക്ക് സാധ്യമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close