Ernakulam

കോതമംഗലം നവകേരള സദസ്സ് കേന്ദ്ര ഇടപെടലിൽ 7 വർഷം കൊണ്ട് കേരളത്തിന് നഷ്ടമായത് 1,07,513 കോടി രൂപ: മുഖ്യമന്ത്രി

കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക ഇടപെടലിലൂടെ  കഴിഞ്ഞ 7 വർഷം കൊണ്ട് കേരളത്തിന് നഷ്ടമായത് 1,07,513 കോടി  രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോതമംഗലം മാർ ബേസിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണ ഘടനയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രം.  അർഹമായ വിവിധ വിഹിതങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുന്നതിലൂടെ സംസ്ഥാനം സാമ്പത്തിക  ഞെരുക്കത്തിൽ ആയിരിക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ഡി എ  കുടിശിഖ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് നൽകേണ്ട തുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക്  നൽകേണ്ട തുക, ജനകീയ ഹോട്ടലുകൾക്ക് നൽകേണ്ട തുക,  കരാറുകാർക്ക് നൽകാനുള്ളത്  ഉൾപ്പെടെ വിവിധ കാര്യങ്ങൾക്കായി 
26,223 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ ഇടപെടൽ മൂലം സംസ്ഥാന ബജറ്റ് അനുസരിച്ച് കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ല. സംസ്ഥാനത്തിന്റെ സ്വയം ഭരണ അധികാരത്തിൽ കൈകടത്തുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചെലവാക്കിയ കോടിക്കണക്കിന് രൂപയും കേന്ദ്രത്തിൽ നിന്ന്  ലഭിക്കാനുണ്ട്. 
യുജിസി ശമ്പള പരിഷ്കരണത്തിന് ചെലവഴിച്ച 750 കോടി രൂപ,  ഗ്രാമവികസന, നഗര വികസനത്തിനായി ചെലവഴിച്ച 700 കോടി രൂപ വീതം നൽകാനുണ്ട്. 790 കോടി രൂപ നെല്ല് സംഭരണത്തിൽ നൽകാനുണ്ട്. ഇത്തരത്തിൽ വിവിധ കാര്യങ്ങൾക്കായി 5632 കോടി രൂപയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. 

30,370 കോടി രൂപയുടെ വാർഷിക പ്ലാൻ ആണ് സംസ്ഥാനത്തിന്റേത്. കേന്ദ്ര നിയന്ത്രണങ്ങൾ സംസ്ഥാന സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുന്നു.  വായ്പ പരിധി കുറയ്ക്കുന്നതിലുടെ പതിനായിരക്കണക്കിന് കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്. വായ്പ എടുപ്പ് പ്രോത്സാഹിച്ചാൽ സമ്പദ് വ്യവസ്ഥ ചലനാത്മകമാകും. സംസ്ഥാനത്ത് വികസനം നടക്കരുതെന്ന തീരുമാനമാണ് കേന്ദ്ര സമീപനത്തിന് പിന്നിൽ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാടിനെ മുന്നോട്ട് പോകാൻ അനുവദിക്കാത്ത നിലപാട് ആണ് കേന്ദ്രത്തിന്റെത്. ഇത് ഗൗരവത്തിലെടുക്കണം. ചെറുപ്പക്കാരുടെയും നാടിന്റെയും ഭാവിയെയാണ് ബാധിക്കുന്നത്. നാട് ഒന്നിച്ചു നിൽക്കണം. ജനങ്ങൾ ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് സദസിലെത്തുന്ന റെക്കോഡ് ജനക്കൂട്ടം. കോതമംഗലത്തും റെക്കോർഡ് ജനക്കൂട്ടമാണ് എത്തിയത്. സംസ്ഥാനം നേരിടുന്ന  പ്രശ്നം ശരിയായ രീതിയിൽ ഉൾക്കൊണ്ടിരുന്നുവെങ്കിൽ പ്രതിപക്ഷം നവ കേരള സദസ്സ് ബഹിഷ്ക്കരിക്കില്ലായിരുന്നു.  
ലോക് സഭയിലെ യുഡിഎഫ് എം.പിമാർ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിക്കുന്നില്ല. കേരളത്തിന്റെ ശബ്ദം ശരിയായ രീതിയിൽ പാർലമെന്റിൽ ഉയരുന്നില്ല.  കേരളം ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. അത് ജനങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവ കേരള ബസിന് നേരെയുണ്ടായ ഏറിന് പിന്നിൽ എന്താണന്ന്  മനസ്സിലാകുന്നില്ല. ഇങ്ങനെ പോയാൽ സർക്കാരിന് അതിന്റെതായ നടപടികളിലേക്ക് പോകേണ്ടി വരുമെന്നും  നാടിനോടുളള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോതമംഗലം നവകേരള സദസ്സിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, പി.രാജീവ്, വീണാ ജോർജ് എന്നിവർ സംസാരിച്ചു. കോതമംഗലം എംഎൽഎ ആന്റണി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, വി. ശിവന്‍ കുട്ടി, എം.ബി രാജേഷ്, സജി ചെറിയാന്‍,  വി.അബ്ദുറഹിമാന്‍, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു,  അഹമ്മദ് ദേവര്‍കോവിലൽ, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ എന്‍. എസ്. കെ.ഉമേഷ് എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ തഹസിൽദാർ റേച്ചൽ കെ. വർഗീസ് സ്വാഗതവും കോതമംഗലം നഗര സഭ ചെയർമാൻ കെ.കെ ടോമി നന്ദിയും പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാർത്ഥി എൽവിൻ എൽദോസ് വരച്ച ഛായാചിത്രവും  രമേഷ് ഹരിക എന്ന കലാകാരൻ വരച്ച ഛായാചിത്രവും വേദിയിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

നവകേരള സദസിന് മുന്നോടിയായി പന്തപ്ര ആദിവാസി ഊര് നിവാസികൾ  മന്നാൻ കൂത്തും മുതുവാൻ കൂത്തും അവതരിപ്പിച്ചു. മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close