Ernakulam

ജില്ലയിൽ കെമിക്കൽ എമർജൻസി മോക്ക്ഡ്രിൽ സംഘടിപ്പിക്കും 

ആലോചനാ യോഗം ചേർന്നു

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിക്കും. വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളിൽ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസിന്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. മോക്ക് ഡ്രിൽ നടത്താൻ സന്നദ്ധതയുള്ള വ്യവസായ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഫെബ്രുവരി 13ന്  ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളുമായി    യോഗം ചേരണമെന്നും യോഗത്തിൽ നിർദേശിച്ചു.

എണ്ണ, പെട്രോളിയം  സ്റ്റോറേജ് ഇൻസ്റ്റലേഷനുകൾ, എൽപിജി ബോട്ടിലിംഗ് പ്ലാന്റുകൾ, റിഫൈനറികൾ, പെട്രോകെമിക്കൽ യൂണിറ്റുകൾ, എൽ എൻ ജി ഇൻസ്റ്റലേഷനുകൾ,  വളം തുടങ്ങി ജില്ലയിൽ 20 മേജർ ആക്സിഡന്റ് ഹസാഡ് യൂണിറ്റുകളാണ് ഉള്ളത്. ഈ വ്യവസായ ശാലകളിൽ നിന്നും വലിയ അളവിലുള്ള അപകടകരമായ രാസവസ്തുക്കൾ പുറന്തള്ളപ്പെടുന്നതിന് സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും സമൂഹത്തിന്റെയും  ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് വ്യവസായശാലകൾ കേന്ദ്രീകരിച്ച് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, ഫാക്റ്ററീസ് ആൻ്റ് ബോയ്ലേഴ്‌സ് ജോയിന്റ് ഡയറക്ടർ  നിതീഷ് കുമാർ, വിവിധ വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close