Ernakulam

ദേശീയ സരസ് മേള: അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള  മാതൃകകളും ഭാവി പ്രവർത്തനങ്ങളുമായി സെമിനാർ

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള പ്രവർത്തനങ്ങളും മാതൃകകളും ചർച്ച ചെയ്ത് ദേശീയ സരസ് മേളയുടെ പത്താം ദിനം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പരിചയപ്പെടുത്തിയ ‘അതിദരിദ്രർക്കായുള്ള ഉപജീവന പ്രവർത്തനങ്ങൾ – തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. 

സമൂഹത്തിൽ നിലനിൽക്കുന്ന അതിദാരിദ്ര്യം തുടച്ചുനീക്കാൻ സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ അനിവാര്യമാണെന്ന് സെമിനാറിൽ അധ്യക്ഷത  വഹിച്ചുകൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം പറഞ്ഞു.

ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ജനസംഖ്യയുടെ 0.55 ശതമാനമാണ് അതിദരിദ്രര്‍.  മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് മോഡറേറ്ററായി.
ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം ഇല്ലാത്ത  സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നടന്നുനീങ്ങുന്നത്. അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാവരുത് എന്നുറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നവകേരള നിര്‍മ്മിതിയിലേക്കുള്ള വലിയ ചുവടുവെയ്പായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യനിർമ്മാർജനത്തിനായി ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ  പരിചയപ്പെടുത്തി.  വിദ്യാർഥികൾ ഉൾപ്പെടെയുള്ള  യുവതലമുറ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അഭിനന്ദനാർഹമാണെന്നും സാമൂഹ്യ സേവനത്തിന് സന്നദ്ധരായിട്ടുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരെ കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നതോടൊപ്പം ദാരിദ്ര്യമില്ലായ്മ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കും കുടുംബശ്രീ  മുൻതൂക്കം നൽകുന്നുണ്ട്. സമൂഹത്തിലെ  ഓരോ വ്യക്തിക്കും  ഉപജീവന സാധ്യത തുറന്നിടുന്നതിനൊപ്പം തദ്ദേശസ്ഥാപനപരിധിയിലെ  അതിദരിദ്രരുടെ മൈക്രോ പ്ലാൻ തയ്യാറാക്കൽ, നടത്തിപ്പ്, നിയന്ത്രണം,  എന്നിവയ്ക്കും കുടുംബശ്രീ പ്രവർത്തകർ പ്രധാന പങ്ക് വഹിക്കുന്നു.

സെമിനാറിൽ കുറ്റ്യാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി റെജി,  വടക്കാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി കെ കെ മനോജ്, കുടുംബശ്രീ  കൊല്ലം ജില്ലാ മിഷൻ കോ ഓഡിനേറ്റർ വിമൽ ചന്ദ്രൻ, കില അസോസിയേറ്റ് പ്രൊഫസർ കെ. രാജേഷ് എന്നിവർ  പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close