Ernakulam

ദേശീയ സരസ് മേള : വിപണന സ്റ്റാളിൽ  കൗതുകമായി ഈറ്റയിൽ തീർത്ത  നക്ഷത്രം

ക്രിസ്മസ് നക്ഷത്രങ്ങൾ പലനിറത്തിലും  പലരൂപത്തിലും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ  ഇത്തരത്തിൽ ഒന്ന്  കാണാൻ സാധ്യത വളരെ കുറവാണ്, ഈറ്റ കൊണ്ട്  നിർമ്മിച്ച നക്ഷത്രം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലേക്ക് വന്നാൽ ഈ കൗതുക കാഴ്ച കാണുകയും വാങ്ങുകയും ചെയ്യാം.

എറണാകുളം ജില്ലയിലെ കാലടി നീലേശ്വരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്.എൻ ബാംബു ഹാൻഡ് ക്രാഫ്റ്റ്  യൂണിറ്റിലെ ശാന്ത നാരായണന്റെയും  ഭർത്താവ് എ.കെ. നാരായണന്റെയും  കരവിരുതിലാണ് ഏറെ ആകർഷകമായ ഈറ്റ കൊണ്ടുള്ള ക്രിസ്മസ് നക്ഷത്രം രൂപമെടുക്കുന്നത്. ഒരു കുടുംബശ്രീ സംരംഭമാണ് ഇവരുടേത്. 

ഏകദേശം 20 വർഷമായി  ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാന്ത നാരായണൻ കഴിഞ്ഞ അഞ്ചുവർഷമായി  ഇത്തരത്തിൽ സ്റ്റാറുകൾ ഒരുക്കുന്നുണ്ട്. അഞ്ച് ദിവസത്തെ കഠിനാധ്വാനം കൊണ്ടാണ് ഒരു  നക്ഷത്രം നിർമ്മിച്ചെടുക്കുന്നത്. ഏറെ ശ്രദ്ധയും ക്ഷമയും വേണ്ട ജോലിയാണ് ഇത്. 1,000 രൂപ നിരക്കിലാണ്  നക്ഷത്രം വിൽക്കുന്നത്. 

നക്ഷത്രത്തിന് പുറമേ ടേബിൾ ലാമ്പുകൾ, പെൻ സ്റ്റാൻഡുകൾ, കെട്ടുവള്ളങ്ങൾ, കൂടകൾ തുടങ്ങി മറ്റനേകം  കരകൗശല ഉൽപന്നങ്ങളും ഇവർ ഒരുക്കുന്നുണ്ട്. പ്രധാനമായും വിപണനമേളകൾ വഴിയാണ് വില്പന നടത്തുന്നത്. കേട്ടറിഞ്ഞ് പലരും  നേരിട്ട് ഓർഡറുകൾ നൽകാറുമുണ്ട്. കരകൗശല ബോർഡിന്റെ പ്രത്യേക പരിശീലനത്തിൽ നിന്നാണ് ഇത്തരത്തിൽ നൂതന ഉൽപ്പന്നങ്ങൾ  നിർമ്മിക്കാൻ ഇവർ  പ്രാപ്തരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close