Ernakulam

ദേശീയ സരസ് മേള വ്യാഴാഴ്ച മുതൽ  കൊച്ചിയിൽ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ നടത്തുന്ന ദേശീയ സരസ് മേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകിട്ട് 4ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, ഉമാ തോമസ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നടി നിഖിലാ വിമൽ തുടങ്ങിയവർ പങ്കെടുക്കും. 

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ ഉൽപ്പന്ന പ്രദർശന വിപണന മേളയായ സരസ്‌മേള ഡിസംബർ 21 മുതൽ ജനുവരി ഒന്ന് വരെയാണ് അരങ്ങേറുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് ദേശീയ സരസ്‌മേള ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ, കലാസാംസ്‌കാരിക സായാഹ്നം, ജില്ലയിലെ വിവിധ സിഡിഎസ്സുകളുടെ നേതൃത്വത്തിൽ നടക്കുന്ന കലാപരിപാടികളും മേളയിൽ അരങ്ങേറും.

കൊച്ചി ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ കുട്ടി പുഞ്ചിരി മത്സരം, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, ലോഗോ കോമ്പറ്റീഷൻ, തീം ഗാനം, ട്രൈലെർ വിഡിയോ തുടങ്ങിയ സംഘടിപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ തനത് കലാരൂപമായ ചവിട്ട് നാടകത്തിൽ 500ൽപരം സ്ത്രീകൾ അണിചേർന്ന് ലോക റെക്കോർഡ് നേടുന്നതിനുള്ള ശ്രമത്തിനും സരസ് സാക്ഷ്യം വഹിക്കും. 

കുടുംബശ്രീയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മൂന്നൂറിലധികം ഭക്ഷണ വിഭവങ്ങളും 120ലധികം പാചകവിദഗ്ധരായ വനിതാ കാറ്ററിംഗ് സംരംഭകരും അണിനിരക്കുന്ന ഇന്ത്യ ഫുഡ് കോർട്ടും മേളയുടെ ഭാഗമായി സജ്ജമാകുന്നുണ്ട്.

കേന്ദ്രസർക്കാർ സരസ് മേളയ്ക്കായി അനുവദിക്കുന്നത് 35 ലക്ഷം രൂപയാണ്. കൂടാതെ സംസ്ഥാനസർക്കാർ അനുവദിക്കുന്ന 50 ലക്ഷം രൂപയും, മേള നടക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി ലഭിക്കുന്ന തുകയും മറ്റു സ്‌പോൺസർഷിപ്പുകളും ഉപയോഗിച്ചാണ് ദേശീയ സരസ്‌മേള സംഘടിപ്പിക്കുന്നത്. 

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇതുവരെ 9 സരസ് മേളകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കുടുംബശ്രീ നടത്തുന്ന പത്താമത്തേയും എറണാകുളം ജില്ലയിലെ ആദ്യത്തെയും സരസ്‌മേളയ്ക്കാണ് ജില്ല ഇത്തവണ അതിഥ്യം വഹിക്കുന്നത്.

നഞ്ചിയമ്മ, സ്റ്റീഫൻ ദേവസി, ആശ ശരത്, പ്രശാന്ത് നാട്ടുപൊലിമ, റിമിടോമി, രമ്യ നമ്പീശൻ, രൂപ രേവതി, സുദീപ് പലനാട്, ഷഹബാസ് അമൻ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നീ പ്രമുഖർ അവതരിപ്പിക്കുന്ന കലാവിരുന്നുകളും മേളയിൽ അരങ്ങേറുന്നുണ്ട്.

സരസ്‌മേളയുടെ ഭാഗമായി മികച്ച പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. മികച്ച ദൃശ്യമാധ്യമം, മികച്ച പത്രമാധ്യമം, മികച്ച ശ്രവ്യമാധ്യമം റിപ്പോര്‍ട്ടര്‍, മികച്ച ലേഖകന്‍, മികച്ച വ്‌ളോഗ്ഗര്‍, മികച്ച ഫോട്ടോഗ്രാഫർ തുടങ്ങിയ വിഭാഗങ്ങളിൽ ദേശീയ സരസ്‌മേള ഏറ്റവും നന്നായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

ദേശീയ സരസ്സ് മേളയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു,
ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.എം. റെജീന, അഡീഷണൽ ജില്ലാ കോ-ഓഡിനേറ്റർ കെ.സി. അനു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close