Kerala

കായിക അസോസിയേഷനുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം പരിഗണിക്കണം: മന്ത്രി വി. ശിവൻകുട്ടി

കായിക അസോസിയേഷനുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം പരിഗണിക്കണമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ നടക്കുന്ന അന്താരാഷ്ട്ര  കായിക ഉച്ചകോടിയുടെ സമാപന ദിവസം ‘അക്കാദമീസ് ആൻഡ് ഹൈ പെർഫോമൻസ് സെന്റെർസ്’ വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കായിക മികവ് പുലർത്തുന്നവരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടി സ്‌പോർട്‌സ് അസോസിയേഷനുകൾ നടത്തണം. ഇതിനായി എല്ലാ ജില്ലകളിലും  ടൂർണമെന്റുകളും മറ്റും സംഘടിപ്പിക്കണം. മത്സരങ്ങളിലൂടെ മാത്രമേ മികച്ച കായിക താരങ്ങളെ കണ്ടെത്താൻ കഴിയൂ.  സ്‌പോർട്‌സ് രംഗത്ത് പ്രാധാന്യം നൽകേണ്ടത് കായിക താരങ്ങൾക്കാണ്.

 അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാന കായിക വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. ഇതിലൂടെ കൂടുതൽ കായിക താരങ്ങളെ നമുക്ക് കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.

സ്പോർട്സിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്പോർട്സ് അക്കാദമികളും മികവിന്റെ കേന്ദ്രങ്ങളും സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിഭയ്ക്കുള്ള ഇൻകുബേറ്ററുകളായും നവീകരണത്തിനുള്ള ലബോറട്ടറികളായും സ്വഭാവ വികസനത്തിനുള്ള കേന്ദ്രങ്ങളായും അവ പ്രവർത്തിക്കുന്നു. സ്പോർട്സ് അക്കാദമികൾ പോലുള്ള സ്ഥാപനങ്ങൾ   അത്‌ലറ്റുകൾക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലന വൈദഗ്ധ്യവും ആഗോള തലത്തിൽ മികവ് പുലർത്താനുള്ള സൗകര്യങ്ങളും നൽകുന്നു.  പ്രതിഭകളെ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും കായിക- ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിക്കും കേന്ദ്രങ്ങളായി അവ പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കായിക ഉച്ചകോടി കായിക മേഖലക്ക് കൂടുതൽ ഉണർവ് നൽകട്ടെ എന്നും മന്ത്രി ആശംസിച്ചു.

സായ് റീജിയണൽ ഡയറക്ടർ ഡോ. ജി. കിഷോർ, ഇൻഫ്രാസ്ട്രക്ചർ സ്‌പെഷ്യലിസ്‌റ്റ് വിക്രം പൽ, എസി. മിലാൻ ടെക്‌നിക്കൽ ഡയറക്ടർ ആൽബർട്ടോ ലെകാൻടെലെ, ദ്രോണാചാര്യ അവാർഡ് ജേതാവ് ടി.പി. ഔസേപ്, മുൻ ദേശീയ കോച്ച് എൻ.വി. നിഷാദ് കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close