Alappuzha

കുട്ടനാട്: ബജറ്റില്‍ ഇടം നേടിയത് 251 കോടി രൂപയുടെ പദ്ധതികള്‍

ആലപ്പുഴ: മുഖ്യമന്ത്രിയോടും വിവിധ വകുപ്പ് മന്ത്രിമാരോടും കുട്ടനാടിനായി ആവശ്യപ്പെട്ടത് എല്ലാത്തിനും അംഗീകാരം നല്‍കിയ ബഡ്ജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് തോമസ് കെ തോമസ് എം.എല്‍.എ. കുട്ടനാട് നിയോജകമണ്ഡലത്തിന് പ്രഥമ പരിഗണനയാണ് ബജറ്റില്‍ ലഭ്യമായത്. കുട്ടനാട് നിയോജകമണ്ഡലത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന 251 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അനുവദിച്ച 57 കോടി രൂപയും നെല്ലിന് 97 കോടി രൂപയും ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി രൂപയും കുട്ടനാടിന് വലിയ പ്രയോജനം ചെയ്യും. കുട്ടനാട് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 100 കോടി രൂപയാണ് കുട്ടനാടിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രധാന പ്രഖ്യാപനം.

കുട്ടനാട്ടിലെ പരമ്പരാഗത പെട്ടിയും പറയും സംവിധാനത്തിന് പകരമായി വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ പമ്പും മോട്ടോര്‍ തറയും സ്ഥാപിക്കുന്നതിനായി 36 കോടി രൂപ അനുവദിച്ചു. വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 57 കോടി രൂപ പ്രത്യേകമായി അനുവദിച്ചതും കര്‍ഷകര്‍ക്കും കുട്ടനാടിനും ഏറെ ആശ്വാസം നല്‍കുന്നതാണ്. കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പില്‍വേയും വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു. സമുദ്ര നിരപ്പിന് താഴെയുള്ള കൃഷിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചു. നെല്‍കൃഷി വികസനത്തിനായി ഉത്പാദന ഉപാദികള്‍ക്കുള്ള സഹായമായി ഹെക്ടറിന് 5500 രൂപാ വീതം കര്‍ഷകര്‍ക്ക് നല്‍കുന്നതിനും നെല്‍വയല്‍ ഉടമകള്‍ക്ക് ഹെക്ടറിന് 3000 രൂപാ വീതം റോയല്‍റ്റി നല്‍കുന്നതിന് തീരുമാനിച്ച് ഇതിനായി ബജറ്റില്‍ തുക വകയിരുത്തി.

53.3 കോടി രൂപയുടെ പ്രാദേശിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബഡ്ജറ്റില്‍ അംഗീകാരമുണ്ട്. കൈനകരി പഞ്ചായത്ത് ഓഫീസ് റോഡ് (10കോടി), നീലംപേരും കവലേക്കളം റോഡ് (മൂന്ന് കോടി), കിടങ്ങറ- കണ്ണാടി റോഡിന്റെ നവീകരണം (അഞ്ച് കോടി), കിടങ്ങറ കണ്ണാടി റോഡിലെ പള്ളിപ്പാലം നിര്‍മ്മിക്കുന്നതിനായി (അഞ്ച് കോടി), മങ്കൊമ്പ് വികാസ് മാര്‍ക്ക് റോഡില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിനായി (10 കോടി), വികാസ് റോഡിലെ പൊട്ടുമുപ്പത് വരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മിച്ച നവീകരിക്കുന്നതിനായി (മൂന്ന് കോടി), കിടങ്ങറ ബസാര്‍ – തെക്കേക്കര പാലം (അഞ്ച് കോടി), തകഴി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ( 9.30 കോടി) എന്നിങ്ങനെ ബജറ്റില്‍ അനുമതി ലഭിച്ചിട്ടുണ്ട്.

റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ മുഖേനെ സമര്‍പ്പിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ക്കും അംഗീകാരമായിട്ടുണ്ട്. അനുവദികപ്പെട്ട പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കുട്ടനാടിന് നല്‍കിയ പരിഗണനയ്ക്ക് സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായും തോമസ് കെ. തോമസ് എം.എല്‍.എ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close