Alappuzha

ആരോഗ്യ മേഖലയിലെ സമഗ്ര വികസന ലക്ഷ്യവുമായി തൈക്കാട്ടുശ്ശേരി വികസന സെമിനാര്‍

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് എന്‍.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും സാക്ഷരതാ പ്രസ്ഥാനം പോലെ മാലിന്യ മുക്ത കേരളം പദ്ധതിയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്തുവെന്നത് പ്രാദേശിക വികസന പ്രക്രിയയിലെ നാഴികകല്ലാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയിലെ സമഗ്ര വികസനത്തിനാണ് ബ്ലോക്ക് ഇത്തവണ മുന്‍തൂക്കം നല്‍കുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, ഭവന നിര്‍മ്മാണം, ശുചിത്വം, ഭിന്നശേഷി സഹായം, വേമ്പനാട് കായല്‍ ശുചീകരണം, വനിതകള്‍ക്കായുള്ള ഓപ്പണ്‍ ജിം, വയോജനങ്ങള്‍ക്കുള്ള വിനോദ പദ്ധതികള്‍, കുട്ടികളുടെ ആരോഗ്യത്തിനു വേണ്ടിയുള്ള സുന്ദരബല്യം പദ്ധതി, ചെറുധാന്യ കൃഷി പ്രോത്സാഹനം, കുടിവെള്ളം തുടങ്ങി വിവിധ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആര്‍.രജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി. ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് വിവേകാനന്ദ 2024-25 ലെ കരട് പദ്ധതികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ദീപാ സജീവ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ജനാര്‍ദ്ദനന്‍, ജയശ്രീ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറി ജിമോള്‍, അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ സറീന .പി.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close