Alappuzha

തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്ന സർക്കാർ -മുഖ്യമന്ത്രി പിണറായി വിജയൻ -സ്പിൽവേയുടെ ആഴവും വീതിയും കൂട്ടിയത് വെള്ളപ്പൊക്കദുരിതം കുറച്ചു

ആലപ്പുഴ: തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നതാണ് ഈ സർക്കാരിന്റെ  രീതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സ് കപ്പക്കട മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വലിയ തോതിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയായ ആലപ്പുഴയിൽ സ്പിൽവേയുടെ മണൽ നീക്കം ചെയ്തും, വീതിയും ആഴവും കൂട്ടിയും സർക്കാർ കാഴ്ചവച്ച കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 
2018 പ്രളയത്തിൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി  4.17 ലക്ഷം പേരെയാണ് പാർപ്പിച്ചത്. 2019-ൽ അത് 1.25 ലക്ഷമുണ്ടായിരുന്നത് 2022, 2023 വർഷങ്ങളിൽ 2500-ൽ താഴെയായതായി മുഖ്യമന്ത്രി പറഞ്ഞു. 

പൊതുവില്‍ കടല്‍ നിരപ്പിന് താഴെ നില്‍ക്കുന്ന പ്രദേശമാണ് പമ്പാ നദീതടത്തിന്‍റെ ഭാഗമായ കുട്ടനാട് മേഖല. മഴക്കാലത്ത് ആലപ്പുഴ ജില്ലയിലുള്ള ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ വലുതാണ്. 2018 ലെ പ്രളയം ഇക്കാര്യത്തില്‍ അടിയന്തര നടപടികളിലേക്ക് സർക്കാർ പോകേണ്ട  സ്ഥിതി ഉണ്ടാക്കി. 2018 ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയിലും ഉണ്ടായ പ്രത്യേക സാഹചര്യം കേരള ജനതയ്ക്ക് മറക്കാനാവില്ല. നദികളിലൂടെയുള്ള പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സമാണ് ഈ രണ്ട് ജില്ലകളില്‍ ജനങ്ങള്‍ക്ക് ഇത്രയധികം ദുരിതം സൃഷ്ടിച്ചത്. ഇത് പരിഹരിക്കുക എന്നുള്ള വെല്ലുവിളിയാണ്  സര്‍ക്കാര്‍ ഏറ്റെടുത്തത്. 

2018 സെപ്റ്റംബറില്‍ ലോകബാങ്കും എ.ഡി.ബിയും തയ്യാറാക്കിയ ജോയിന്‍റ് റാപ്പിഡ് നീഡ്സ് അസസ്മെന്‍റ് റിപ്പോര്‍ട്ടില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ കപ്പാസിറ്റി കുറവ് കുട്ടനാട് ഭാഗത്തെ പ്രളയത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.  തോട്ടപ്പള്ളി സ്പില്‍വേയിലെയും തണ്ണീര്‍മുക്കം ബാരേജിലെയും പുറത്തേക്കുള്ള ജലമൊഴുക്ക് ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ ഇവിടേക്ക് എത്തുന്ന ജലത്തിനെ കടലിലേക്ക് വിടാന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയിരുന്നു. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടുന്ന അധിക മണല്‍ നീക്കം ചെയ്യുന്നതിന് 2012-ല്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട് എന്ന കാര്യവും ഈ ഘട്ടത്തില്‍ എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നദികളില്‍ നിന്നുള്ള ജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് മണല്‍ അടിഞ്ഞുകൂടുന്നതു കാരണം തടസ്സം നേരിടുന്നു എന്നുള്ളത് വസ്തുതയാണ്. നീക്കം ചെയ്യേണ്ടത് പ്രധാനമാണ്.
മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയ ഭീഷണി ഉണ്ടാകുമെന്ന് 2012 ലെ ഐ.ഐ.ടി ചെന്നൈയുടെ പഠനം മുന്നറിയിപ്പ് നൽകിയിരുന്നു. നീക്കം ചെയ്യുന്ന മണല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്ലിനോ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനോ ആണ് നിരക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്. 2011-2016 കാലത്താണ് ഈ നടപടി സ്വീകരിച്ചത്.

തോട്ടപ്പള്ളി സ്പില്‍വേയുടെയും ലീഡിംഗ് ചാനലിന്‍റെയും നവീകരണത്തിന്‍റെ ഭാഗമായി പൊഴിമുഖത്ത് അടിഞ്ഞ മണ്ണ് നീക്കം ചെയ്യേണ്ടതാണെന്നും, വീതിയും ആഴവും കൂട്ടേണ്ടതാണെന്നും, ചാനലിന്‍റെ വീതി കൂട്ടണമെന്നുമാണ് പരിഹാരമായി നിര്‍ദ്ദേശിച്ചത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലും ജലസേചന മന്ത്രിതലത്തിലും മുഖ്യമന്ത്രി തലത്തിലും യോഗങ്ങള്‍ നടന്നു. 2018 ലെ പ്രളയത്തിനുശേഷം  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, ജലസേചനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തോട്ടപ്പള്ളി സ്പില്‍വേ 300 മീറ്റര്‍ വീതി ഉണ്ടായിരുന്ന അഴിമുഖത്തിന് നിലവില്‍ 100 മീറ്റര്‍ മാത്രമാണ് വീതി എന്നും ബാക്കിയുള്ള ഭാഗം കടലില്‍ നിന്നുള്ള മണ്ണടിഞ്ഞ് നികത്തപ്പെട്ടെന്നും അഭിപ്രായം വന്നു. അഴിമുഖത്തെ മണല്‍ നീക്കി വീതി കൂട്ടേണ്ടത് അനിവാര്യമാണെന്നും സോഷ്യല്‍ ഫോറസ്ട്രി നട്ടുവളര്‍ത്തിയ മരങ്ങള്‍ നീക്കം ചെയ്യേണ്ടതാണെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. 

ഇതോടൊപ്പം, വെള്ളപ്പൊക്ക നിവാരണത്തിന് കുട്ടനാട്ടിലെ അവശേഷിക്കുന്ന പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ നവീകരണം, നീരൊഴുക്ക് സുഗമമാക്കാനായി കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉള്ള റോഡുകളുടെയും ചാനലുകളുടെയും നവീകരണം തുടങ്ങിയ വിഷയങ്ങളും ഉയര്‍ന്നുവന്നു. കുട്ടനാട്ടിലെ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച പാലങ്ങളും അനുബന്ധ നിര്‍മ്മിതികളും നീരൊഴുക്കിനും ഗതാഗതത്തിനും തടസ്സം നില്‍ക്കുന്നുണ്ടെന്നും അവ വീതിയും ഉയരവും കൂട്ടി നിര്‍മ്മിക്കണമെന്നും അഭിപ്രായമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷം കുട്ടനാട് വെള്ളപ്പൊക്കത്തിന് പ്രതിരോധ മാര്‍ഗങ്ങള്‍ രുപാര്‍ശ ചെയ്യാന്‍ വിദേശ സഹായത്തോടെ ചെയ്യേണ്ട പ്രവൃത്തികളും സംസ്ഥാനം ഏറ്റെടുക്കേണ്ട പ്രവൃത്തികളും പരിശോധിച്ച് നടപടിയെടുക്കാന്‍ റീ ബിൽഡ് കേരളയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. എ.സി കനാലില്‍ ഭാവിയില്‍ യാതൊരുവിധ കയ്യേറ്റവും അനുവദിക്കാന്‍ പാടില്ല എന്നും ഇത് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

കുട്ടനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്ക ജലനിര്‍ഗമനം സുഗമമാക്കാന്‍ കുട്ടനാട്ടിലെ ചെറിയ കനാലുകളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടാനും തീരുമാനിച്ചു.

കുട്ടനാടിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജിയോ സ്പേഷ്യല്‍ മാപ്പിംഗ് നടത്തുന്നത് പരിശോധിക്കാനും തീരുമാനിച്ചു. തോട്ടപ്പള്ളി സ്പില്‍വേയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ തിട്ടയില്‍ സാമൂഹ്യ വനവല്‍ക്കരണത്തിന്‍റെ ഭാഗമായി വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുവാന്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി വനം, ജലസേചനം എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.

തെറ്റിദ്ധാരണ പരത്താനുള്ള വാര്‍ത്തകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ വന്നത്. കുട്ടനാട്ടിലെയും ആലപ്പുഴയിലെയും പത്തനംതിട്ട ജില്ലയിലെയും ജനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് ഒഴിവാകരുത് എന്ന ദുഷ്ടലാക്ക് ഇവര്‍ക്കുണ്ടോ എന്ന് ന്യായമായും സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ദേവസ്വം പട്ടികജാതി, പട്ടിക വർഗ വികസന വകുപ്പ്  മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, ആൻറണി രാജു, അഹമ്മദ് ദേവർ കോവിൽ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജി.ആർ. അനിൽ, വീണാ ജോർജ്, വി.അബ്ദുറഹിമാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സംഘാടക സമിതി ചെയർമാൻ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി.,ജില്ല കളക്ടർ ജോൺ വി. സാമുവൽ,   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എ. എസ്. സുദർശനൻ, സജിത സതീശൻ, ശോഭ ബാലൻ, എസ് ഹാരിസ്, പി.ജി. സൈറസ്, ജില്ല പഞ്ചായത്തംഗങ്ങളായ പി. അഞ്ചു, ഗീതാ ബാബു, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി.ബി. വിദ്യാനന്ദൻ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ്, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ.നാസർ, പരിപാടിയുടെ കൺവീനർ കെ.എസ്. രാജേഷ്, അമ്പലപ്പുഴ തഹസിൽദാർ വി.സി. ജയ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് കയറിൽ തീർത്ത അദ്ദേഹത്തിന്റെ ചിത്രം എച്ച്. സലാം എം.എൽ.എ സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close