Alappuzha

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങളുമായി ആലപ്പുഴ പ്രഭാത സദസ്സ്

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിൽ നിന്നുള്ള 300 പേരാണ് അതിഥികളായെത്തിയത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അതിഥികളുയർത്തിയ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. 

പ്രഭാതയോഗത്തിൽ ഉയർന്ന നിർദേശങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിചേർന്ന് നയിച്ച യാത്രയാണിത്.  ഈ യാത്ര ജനങ്ങളുടെ ദുഃഖവും ദുരിതവും ആവശ്യങ്ങളും മനസ്സിലാക്കി അതിനു പരിഹാരം കാണുകയെന്ന നല്ല ഉദ്ദേശത്തോടുകൂടിയുള്ളതാണ്. നവകേരള യാത്ര ഇന്ന് ലോക പ്രസക്തമായി. 
ആലപ്പുഴ കർഷകത്തൊഴിലാളികളും കയർ, മത്സ്യ തൊഴിലാളികളും കൃഷിക്കാരുമെല്ലാമുള്ള പ്രദേശമാണ്. പ്രദേശത്തിൻറെ വ്യവസായ മേഖലയെ സംരക്ഷിക്കാൻ കഴിഞ്ഞ പിണറായി വിജയൻ സർക്കാരിനും ഈ സർക്കാരിനുമായി. അതിൽ കുറച്ചു കൂടി ജാഗ്രത ഉണ്ടാവണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെൽകൃഷി ചെയ്യുന്ന കർഷകർക്കും തൊഴിലാളികൾക്കും വേദനവും കൂലിയും കൃത്യമായി കിട്ടാതെ വരുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്നും പറഞ്ഞു. 
പെൻഷൻ പദ്ധതിയിലൂടെ 1600 രൂപ കൃത്യമായി കൊടുത്തുകൊണ്ടിരുന്നത് വലിയൊരു ആശ്വാസമായിരുന്നു.  ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് കഴിയാവുന്ന കാര്യങ്ങൾ ചെയ്യണമെന്നും മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കയർ മേഖല ടി.എം.എം.സി. പ്രസാദ്

ഒരുപാട് സാധ്യതകളുള്ള മേഖലയാണ് കയർ. സ്ത്രീകൾക്ക് കയർ മേഖലയിലും മറ്റ് തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെക്കുറിച്ചുള്ള വിഷയവും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായുള്ള സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു. ഉത്പന്ന വൈവിധ്യവത്കരണമാണ് കയർ മേഖലയ്ക്കാവശ്യം. ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. 

ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് കയർ മേഖലയിലെ 50 തൊഴിലാളികൾക്ക് പരിശീലനം നൽകി. ഇവർക്ക് 600 രൂപ സ്‌റ്റൈൻഡും നൽകിയിരുന്നു. കെട്ടിക്കിടന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞു. കയർ ഫെഡിന്റെ 22 ഗോഡൗണുകളിൽ 11 ഗോഡൗണുകളിലെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വർധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിനായി തൊഴിലാളികളുമായി ചർച്ച നടത്താനും മാറ്റങ്ങൾ കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾക്ക് കയർ മേഖലയിലും എല്ലാ തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്നാണ് സർക്കാർ നിലപാട്. കയർ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും.

ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് ആനപറമ്പിൽ

പുതുതായി വിഭാവനം ചെയ്യുന്ന തീരദേശ റോഡിൻറെ വികസനത്തിന്റെ ഭാഗമായി കൂടുതൽ വീടുകൾ പുറത്താക്കപ്പെടുന്ന സാഹചര്യവും തീരത്തിനടുത്ത് സി.ആർ. ഇസഡ് സോൺ പരിധിയിൽ വരുന്ന ഭവന നിർമ്മാണം സാധ്യമാകാത്ത സാഹചര്യവും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സമൂഹത്തിന്റെ അടിസ്ഥാന മേഖലയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ്  ജെ.ബി.കോശി കമ്മീഷൻ നിലപാട്. ചെല്ലാനത്ത് മനോഹരമായ ചുവടുവെപ്പായിരുന്നു കടൽത്തീര സംരക്ഷണത്തിനായി ചെയ്തിട്ടുള്ളത്. അത് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.

ആലപ്പുഴ മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച്. അബ്ദുൾ നാസർ തങ്ങൾ

ആറാട്ടുപുഴ കടൽ ഭിത്തി നിർമ്മാണം, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സി.ആർ. സോൺ തുടങ്ങിയവ വിഷയങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വഖഫ് ബോർഡ് ബില്ല് കൊണ്ടുവരുന്ന കാര്യവും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി.

അരൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച്
വിനീത വിജയൻ

തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട ഉള്ള പ്രശ്‌നങ്ങൾ പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു.

ഐ.ടി. ഇൻഡസ്ട്രി ടെക് ജൻഷ്യ 
സി.ഇ.ഒ.  ജോയി സെബാസ്റ്റ്യൻ

മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിൽ കൃത്യമായ ഫോക്കസ് നൽകുന്നതിന് ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തീരദേശ മേഖലയിൽ മത്സ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട് കൃത്യമായ സപ്ലൈ, ലോജിസ്റ്റിക്‌സ്, വാലുവേഷൻ തുടങ്ങിയ കാര്യങ്ങളിൽ കൂടി ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അരൂർ മണ്ഡലത്തിൽ നിന്ന്
ശശിധരൻ നായർ  

വേനൽകാല വേലിയേറ്റം അല്ലെങ്കിൽ കായൽ കയറുന്നതുമായി ബന്ധപ്പെട്ട് തീരദേശ വാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഉന്നയിച്ചത്.  ഇതിനൊരു പരിഹാരമായി പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് എ.ആർ.സി.എഫ്. എന്ന പേരിൽ പ്രൊജക്റ്റ് സമർപ്പിച്ചിരുന്നു. തീരദേശത്ത് ഒരു മീറ്റർ ഉയരത്തിൽ ബണ്ട് നിർമിച്ച് വെള്ളം കയുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇതിനായി വേമ്പനാട്ട് കായലിൽ നിന്നും ഡ്രജിങ്ങിലൂടെയോ മറ്റ്  സാങ്കേതികവിദ്യകളിലൂടെയോ  ചെളി എടുക്കേണ്ടതുണ്ട്. ഇക്കാരണത്താൽ പ്രോജക്ട് അംഗീകരിക്കാതെ പോയി. തീരദേശ സംരക്ഷണത്തിനായി ഈ പ്രോജക്ട് അംഗീകരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

തീരദേശ ഹൈവേ നാടിന്റെ വലിയൊരു മാറ്റത്തിനാണ്  വഴിവെക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം ചില വികസന പദ്ധതികൾ വരുമ്പോൾ പ്രദേശവുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് പ്രയാസങ്ങൾ ഉണ്ടാകാറുണ്ട്. ആരെയും ഉപദ്രവിക്കാതെ ഏവരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. സ്ഥലം നഷ്ടപ്പെടുമ്പോൾ പ്രയാസം ഉണ്ടാകും. സർക്കാരതു മനസ്സിലാകുന്നു. നിലവിലെ ഏറ്റവും നല്ല നഷ്ടപരിഹാര പാക്കേജാണ് സർക്കാർ നൽകുന്നത്. 
സി.ആർ.ഇസഡിന്റെ കാര്യത്തിൽ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ജെ.ബി.കോശി കമ്മിഷൻ നിയോഗിച്ച് റിപ്പോർട്ട് വാങ്ങി. റിപ്പോർട്ട് പ്രകാരമുള്ള കാര്യങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ചെല്ലാനത്ത് നല്ല നിലയിലുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. കൂടുതൽ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിന്റെ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. എന്നാൽ ഇവിടെ അവരതിന് തയ്യാറാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിഭവശേഷിക്കനുസരിച്ച കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജില്ലയിലെ ചെത്തി, അർത്തുങ്കൽ ഹാർബർ പണികൾ പുരോഗമിക്കുന്നുണ്ട്. തോട്ടപ്പള്ളി ഹാർബർ നവീകരണത്തിന് ഭരണാനുമതി ആയിട്ടുണ്ട്. വിശദമായ ഡി.പി.ആർ. തയ്യാറാക്കുന്ന നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനസ് മാനാറ- എക്‌സ്‌പോർട്ടർ 

മീൻ വളരാനുള്ള സാവകാശം നൽകാതെ പൊടി മത്സ്യ കയറ്റുമതി കാരണം മത്സ്യ ദൗർലഭ്യം വളരെ കൂടുതലാണ്. അരൂരിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണി പൂർത്തീകരണം, പീലിങ് ഷെഡുകൾക്ക് ലൈസൻസ് നൽകുന്ന വിഷയങ്ങളും ശ്രദ്ധയിൽപ്പെടുത്തി. ചെമ്മീൻ കൃഷി നടത്തുന്ന ചാലുകൾ ഫ്‌ലോറ്റിംഗ് മാർക്കറ്റ്, ഫ്‌ലോറ്റിംഗ് റെസ്റ്റോറന്റ് പോലെയാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

അവിര തരകൻ- ബിസിനസ് 

കേരളത്തിൽ ഒറ്റപെട്ടു പോകുന്ന ജനത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതാണ്. ഇക്കാരണത്താൽ ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവർ കൂടുതലാണ്. യു കെ, ജപ്പാൻ പോലുള്ള വിദേശ രാജ്യങ്ങളിൽ അതിനായി  മന്ത്രിമാരും ലോ
ൺലിനെസ് മിനിസ്ട്രി സംവിധാനങ്ങളുമുണ്ട്. ഈ സംവിധാനം കേരളത്തിൽ ആരംഭിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 

ചെറുകിട വ്യവസായ പ്രതിനിധി ബിജു

ചെറുകിട വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തിയാൽ ചെറുകിട വ്യവസായ മേഖലയിലുള്ളവർക്ക് കൂടുതൽ പ്രയോജനകരമാകും. വ്യവസായ മേഖലയിൽ  അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്ക് ക്ഷാമം നേരിടുന്നു. കേരളത്തെ ആശ്രയിച്ചു മറ്റു സംസ്ഥാനങ്ങൾ കടന്നു വരുന്ന രീതിയിലേക്ക് മാറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് പരിശീലനം അനിവാര്യമായതിനാൽ ജില്ല തലത്തിൽ ട്രെയിനിങ് സെന്റർ ആരംഭിക്കണമെന്നും അഭ്യർത്ഥിച്ചു.

കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ പി.കെ. മൈക്കിൾ തരകൻ

ജലഗതാഗത സൗകര്യം കൂടുതൽ വർധിപ്പിച്ചു കൊണ്ട് ടൂറിസവുമായി ബന്ധപ്പെടുത്തി വ്യവസായിക വികസന പദ്ധതി നടപ്പിലാക്കണമെന്നും
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കുതിച്ചു ചട്ടത്തിനായി ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ക്ലസ്റ്റർ മാനേജ്‌മെന്റ് സിസ്റ്റം പുനരാരംഭിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വാന്തനം സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ

സ്‌പെഷ്യൽ സ്‌കൂളുകൾക്ക് സർക്കാർ നൽകുന്ന പാക്കേജ് ആശ്വാസകരമാണ്.
ഒരുപാട് കഴിവുകളുള്ള വിദ്യാർത്ഥികളാണ് സ്‌പെഷ്യൽ സ്‌കൂളുകളിലുള്ളത് അവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനയി വാഹനം നൽകണമെന്ന് അഭ്യർത്ഥിച്ചു.

റമദ ചെയർമാൻ റെജി ചെറിയൻ

ആറ് മണി കഴിഞ്ഞാൽ ജില്ലയിൽനെത്തുന്ന വിനോദ സഞ്ചാരികൾ റൂമുകളിൽ തന്നെ കഴിയേണ്ട സാഹചര്യമാണ്. ഹൗസ് ബോട്ടുകൾക്ക് രാത്രി കാലങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അവിടെയെത്തി രക്ഷപ്രവർത്തനം നടത്താൻ മണിക്കൂറുകൾ എടുക്കും. ഹൗസ് ബോട്ടിൽ സോളാർ ലൈറ്റുകളിട്ട്  റൂട്ട് ഉണ്ടാക്കി രാത്രി 10 മണിവരെ ഹൗസ് ബോട്ട് സവാരിക്കായി അവസരം ഒരുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ആരോഗ്യം ആയുർവേദം വിഷ്ണു നമ്പൂതിരി

തിരുവിഴ ബുദ്ധ സങ്കേതം ആയുർവേദ ചരിത്രം പഠന ഗവേഷണ കേന്ദ്രിമാക്കി മാറ്റുകയും ആയുർവേദ ഔഷധ സസ്യ ഗവേഷണ കേന്ദ്രവും  ജില്ലയിൽ ആയുർവേദ പഞ്ചകർമ്മ ആശുപത്രി വികസിപ്പിക്കൽ തുടങ്ങിയവ നടന്നാൽ  കേരളത്തിലെ ടൂറിസം വികസനത്തിൽ ആലപ്പുഴയെ ആയുർവേദ ഹബ് ആക്കി മാറ്റാൻ സാധിക്കുമെന്ന് ആശയം അദ്ദേഹം മുന്നോട്ടു വെച്ചു. നൂറനാട് ലെപ്രസി സാനിറ്ററിയത്തിൽ ആയുർവേദ മാനസിക ആരോഗ്യ കേന്ദ്രം ആരംഭിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കാർഷിക മേഖല സുജിത്ത് 

സർക്കാർ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് കർഷകരെ ഇസ്രായേലിലേക്ക് അയച്ച് കൃഷി രീതികൾ പഠിപ്പിച്ചു എന്നുള്ളത്. വിദേശ രാജ്യങ്ങളിലെ പോലെ ടെക്‌നോളജികൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതികൾ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കാർഷിക മേഖലയിൽ കൃത്യമായി ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആധുനിക കാർഷിക രീതികൾ സ്വീകരിക്കണമെന്നതാണ് സർക്കാർ നയം. എന്നാൽ, വികസന കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് കാർഷിക രംഗത്ത് ചില പ്രശ്‌നങ്ങൾ സർക്കാർ നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരത്തിനായി സുപ്രീംകോടതിയെ സർക്കാർ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴര വർഷമായി 1,07,500 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. ഇതിൽ നല്ലൊരു ശതമാനം തുകയും സംസ്ഥാനം ചെലവിട്ടു കഴിഞ്ഞതാണ്. നെല്ല് സംഭരണത്തിനായി സംസ്ഥാന സർക്കാർ പണം നൽകി കഴിഞ്ഞതാണ്. ഇതിൽ 700 കോടിയോളം രൂപ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുണ്ട്. കൃഷിക്കാർക്ക് കൃത്യമായി പണം നൽകണമെന്നും ക്ഷേമപെൻഷനുകൾ മുടങ്ങരുതെന്നും തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ നൽകാനുള്ള പണം നൽകാതെ കേരളത്തിന്റെ ഭാവി വികസനം തടയുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലപ്പെട്ട നിർദേശങ്ങളാണ് യോഗത്തിലുയർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദേശങ്ങൾ എല്ലാം ഗൗരവമായി സർക്കാർ പരിശോധിക്കും. 
ഇനിയും കൂടുതൽ മുന്നോട്ട് പോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close