Alappuzha

പരാതി പരിഹാരത്തിന് കുറഞ്ഞത് 20 കൗണ്ടറുകള്‍; സഹായത്തിന് ഹെല്‍പ് ഡെസ്‌കും

ആലപ്പുഴ: നവകേരള സദസ്സ് നടക്കുന്ന ഓരോ വേദിയിലും പരാതി പരിഹാരത്തിനായി കുറഞ്ഞത് 20 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പരാതികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനും അപേക്ഷകരെ സഹായിക്കാനുമായി ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. സ്ത്രീകള്‍, വയോജനങ്ങള്‍, ഭിന്നശേഷി വ്യക്തികള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍. ഒരു കൗണ്ടറില്‍ പരാതികള്‍ സ്വീകരിക്കുന്നതിന് നാല് ഉദ്യോഗസ്ഥര്‍ വീതമുണ്ടാകും.
സദസ്സ് ആരംഭിക്കുന്നത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ കൗണ്ടറുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും.

അപേക്ഷകള്‍ കൗണ്ടറുകള്‍ മുഖേന മാത്രമേ സ്വീകരിക്കൂ. മുഖ്യമന്ത്രിക്കൊ മന്ത്രിമാര്‍ക്കൊ നേരിട്ട് പരാതികള്‍ നല്‍കാന്‍ സാധിക്കില്ല. മേല്‍വിലാസം, പിന്‍കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കി കൗണ്ടറില്‍ നിന്നും രസീത് കൈപ്പറ്റണം. ഇതു സൂക്ഷിച്ചുവെക്കണം. അപേക്ഷ മുഖ്യമന്ത്രിയെയോ അതത് വകുപ്പ് മന്ത്രിയുയെയോ അഭിസംബോധന ചെയ്ത് എഴുതാം. ഓരോ ആവശ്യത്തിനും പ്രത്യേകം അപേക്ഷ നല്‍കണം.

നേരത്തെ നല്‍കിയ അപേക്ഷ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് പഴയ ഫയല്‍ നമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ നല്‍കണം. ചികിത്സ സഹായത്തിനുള്ള അപേക്ഷയ്‌ക്കൊപ്പം ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമര്‍പ്പിക്കാം. അപേക്ഷ നല്‍കാന്‍ ഭിന്നശേഷിക്കാര്‍ നേരിട്ട് എത്തേണ്ടതില്ല. മറ്റൊരാള്‍ വഴി അപേക്ഷ കൗണ്ടറിലെത്തിച്ച് രസീത് വാങ്ങാം.

സദസ്സില്‍ എത്തുന്നവര്‍ക്ക് ലഘു ഭക്ഷണവും വെള്ളവും നല്‍കും. പ്രധാന വേദിയിലും പുറത്തും പരാതി കൗണ്ടറുകളിലും ജനങ്ങളെ സഹായിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വൊളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. സദസ്സ് നടന്ന വേദികള്‍ ഹരിതകര്‍മ്മ സേനയുടെ നേത്യത്വത്തില്‍ വൃത്തിയാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close