Kerala

പുതുക്കാട് നവകേരള സദസ്സ്; വികസന സെമിനാര്‍ നടത്തി

 നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ സംഘടിപ്പിച്ചു. ആമ്പല്ലൂരില്‍ അളഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. 

കഴിഞ്ഞ 7 വര്‍ഷത്തെ മണ്ഡല വികസനത്തിന്റെ സംക്ഷിപ്ത രൂപവും തുടര്‍ വികസനങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അവതരിപ്പിച്ചു. മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ അനുമതി ലഭിച്ച വിവിധ പദ്ധതികള്‍, അനുമതി കാത്തിരിക്കുന്നവ, ഓരോ പഞ്ചായത്തിലും നടപ്പാക്കേണ്ട പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരണവും എംഎല്‍എ നല്‍കി. ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി ഉടന്‍ നടപ്പിലാക്കുക, കായിക കോംപ്ലക്‌സെന്ന ആശയം പ്രാവര്‍ത്തികമാക്കുക തുടങ്ങിയവ ചര്‍ച്ചയില്‍ മുഖ്യ വിഷയങ്ങളായി. 

നിലവിലെ വികസന പ്രശ്‌നങ്ങളും സാധ്യതകളും ആവശ്യങ്ങളും സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. കാര്‍ഷിക ആരോഗ്യ ചെറുകിട സൂക്ഷ്മ സംരംഭ മേഖലകളിലെ പ്രശ്‌നങ്ങളും അവസരങ്ങളും സാധ്യതകളും ചര്‍ച്ചാ വിധേയമായി. 

ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് സ്വാഗതം ആശംസിച്ചു. നവ കേരളസദസ്സ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ഡോ. എം.സി. റെജില്‍ നന്ദി പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, കല-സംസ്‌കാരിക-രാഷ്ട്രീയ രംഗം, കാര്‍ഷികം, സഹകരണം, വ്യാപാരം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ വക്താക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡിസംബര്‍ 6 ന് നടക്കുന്ന പുതുക്കാട് നവ കേരള സദസ്സില്‍ വികസന സെമിനാറിലെ ചര്‍ച്ചാ വിഷയങ്ങളുടെയും തീരുമാനങ്ങളുടെയും സംക്ഷിപ്ത രൂപരേഖ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close