Kerala

കേരളത്തിന്റെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം പുരാതന കാലം മുതല്‍ ഉള്ളതെന്ന് പ്രൊഫ. റോമില ഥാപ്പര്‍

കേരളത്തിന്റെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം ഇപ്പോള്‍ ഉണ്ടായതല്ലെന്നും കടല്‍ വഴി വിദേശികളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിലൂടെ പണ്ടുമുതല്‍ക്കേ കേരളം അത്തരം ആധുനിക സംസ്‌കാരം വച്ചുപുലര്‍ത്തിയതായും പ്രശസ്ത ചരിത്രകാരി പ്രൊഫ റോമില ഥാപ്പര്‍ ചൂണ്ടിക്കാട്ടി.

കേരളീയം പരിപാടിക്ക് ആശംസ നേര്‍ന്ന് ഉദ്ഘാടന വേദിയില്‍  വീഡിയോ വഴി സംസാരിക്കുകയായിരുന്നു അവര്‍.

അന്യസംസ്ഥാനക്കാര്‍ വന്ന് കേരളത്തെ തങ്ങളുടെ ഇടമാക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നു. സാക്ഷരതയിലെ ഉയര്‍ന്ന നിലവാരം കൂടുതല്‍ യുക്തിപൂര്‍വം ചിന്തിക്കാനും തുറന്ന മനസ്സോടെ ഇടപഴകാനും സഹായിക്കുന്നു, പ്രൊഫ ഥാപ്പര്‍ പറഞ്ഞു.

കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് കേരളത്തിനുള്ളിലെ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താനെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ് സോമനാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യം. ഭാരതീയന്‍ എന്നതിനൊപ്പം മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനം ഉള്‍കൊള്ളുന്നു. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സാമൂഹ്യ പുരോഗതി നേടാനായി പുതിയ പാത തുറക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും കേരളീയം 2023 -ന് കഴിയും.  നവകേരളത്തിനായുള്ള വഴിത്താരകള്‍ വെട്ടിത്തുറക്കാന്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യങ്ങളെയും നേട്ടങ്ങളെയും അവതരിപ്പിക്കുന്ന കേരളീയത്തിലെ ചര്‍ച്ചകള്‍ വഴിതുറക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മലയാളി എന്നത് അഭിമാനമായാണ് കാണുന്നതെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. മികച്ച ഭരണം കാഴ്ചവെച്ചതിനുള്ള അംഗീകാരം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്, രാജ്യത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സംസ്ഥാനം എന്നിവയ്ക്ക് നീതി ആയോഗിന്റേത് ഉള്‍പ്പെടെ നിരവധി കീര്‍ത്തികള്‍ നേടിയ കേരളത്തിന്റെ മഹിമ വേണുഗോപാല്‍ എടുത്തുപറഞ്ഞു. കേരളീയം പരിപാടിയിലേക്ക് വിശിഷ്ടാതിഥിയായി തന്നെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close