Kerala

സമഗ്ര സ്ട്രോക്ക് ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

സ്ട്രോക്കിന് സമയം വളരെ പ്രധാനം; ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം

            സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്ട്രോക്ക് ചികിത്സ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി വലിയ പരിശ്രമമാണ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ കാത്ത്ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. മറ്റ് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ 10 ജില്ലകളിൽ സ്ട്രോക്ക് ക്ലിനിക്കുകൾ സംസ്ഥാനത്ത് പ്രവർത്തനസജ്ജമാണ്. ബാക്കി ജില്ലകളിൽ കൂടി സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രോക്ക് ഐസിയുവും സ്ട്രോക്ക് ചികിത്സയ്ക്കുള്ള മറ്റ് സൗകര്യങ്ങളുമുണ്ടാകും. പക്ഷാഘാത ചികിൽത്സക്കുള്ള വിലയേറിയ മരുന്നായ ടിപിഎ (Tissue Plasminogen Activator) സൗജന്യമായി ആശുപത്രികളിൽ വിതരണം ചെയ്തു വരുന്നതായും മന്ത്രി വ്യക്തമാക്കി.

            ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമാണ്. ‘നമ്മുക്കൊന്നിച്ചു നീങ്ങാം സ്ട്രോക്കിനെക്കാളും ഉയരങ്ങളിൽ’ (Together we are # Greater Than Stroke) എന്നതാണ് ഈ വർഷത്തെ പക്ഷാഘാത ദിന സന്ദേശം. പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളായ രക്താതിമർദ്ദം, പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ 90% പക്ഷാഘാതവും ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.

            ലോകത്ത് ഓരോ 40 സെക്കന്റിലും ഒരു പക്ഷാഘാത കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ 4 മിനിട്ടിലും ഒരു പക്ഷാഘാത രോഗി മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തിൽപരം ആൾക്കാർ എല്ലാ വർഷവും പക്ഷാഘാതം മൂലം മരണമടയുന്നുവെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

            കേരളത്തിലും പക്ഷാഘാത രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി കാണുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും നിയന്ത്രണ വിധേയമാക്കാവുന്ന കാരണങ്ങൾ (Risk Factors) കൊണ്ട് ഉണ്ടാകുന്നതാണ്. ജീവിതശൈലി നിയന്ത്രണത്തിലൂടെ ഈ മഹാവിപത്ത് ഒഴിവാക്കാൻ സാധിക്കുന്നതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

            സംസ്ഥാന ആരോഗ്യവകുപ്പ് പക്ഷാഘാത നിയന്ത്രണത്തിനായി ‘ശിരസ്’ (Stroke Identification Rehabilitation Awareness and Stabilisation Programme) എന്ന പദ്ധതി സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. ജില്ലാതല ആശുപത്രികളിൽ പക്ഷാഘാത ചികിൽത്സക്കുള്ള സംവിധാനങ്ങൾ ഒരുക്കുക, പക്ഷാഘാതം വന്നവർക്ക് ത്രോംബോലൈസിസ് ചികിൽസ നൽകുക, പക്ഷാഘാതം സ്ഥിരീകരിച്ചവർക്ക് ഫിസിയോതെറാപ്പികൾ ഉൾപ്പെടെയുള്ള പുനരധിവാസ സേവനങ്ങൾ നൽകുക തുടങ്ങിയവയാണ് സ്ട്രോക്ക് ക്ലിനിക്കുകളിലൂടെ നൽകുന്ന സേവനങ്ങൾ. ഇതിനായുള്ള പരിശീലനം ശ്രീ ചിത്രയിൽ നിന്നും ഡോക്ടർമാർക്കും, നഴ്‌സുമാർക്കും, ഫിസിയോതെറാപ്പിസ്റ്റുകൾക്കും നൽകിയിട്ടുണ്ട്.

            പക്ഷാഘാത നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രക്തസമ്മർദ്ദവും, പ്രമേഹവും പരിശോധിക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു. അൽപം ശ്രദ്ധ ആരോഗ്യ ഉറപ്പ് എന്ന കാമ്പേയിനിലൂടെ എല്ലാ വീടുകളിലും സന്ദർശനം നടത്തി ഈ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ബൃഹത് പദ്ധതി 85% ശതമാനത്തോളം ജനസംഖ്യ പിന്നിട്ടുകഴിഞ്ഞു. രോഗം കണ്ടെത്തുന്നവർക്ക് പ്രാഥമികാരോഗ്യതലം വരെ പ്രോട്ടോകോൾ പ്രകാരമുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്തുവരുന്നു. ഇതിലൂടെ രക്താതിമർദ്ദത്തിന്റെ നിയന്ത്രണ നിരക്ക് 13% ത്തിൽ നിന്ന് 41% വരെ ഉയർത്താൻ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ നേട്ടം.

സ്ട്രോക്കിന് സമയം വിലപ്പെട്ടത്

            സ്ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും. അതിനാൽ സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close