Kerala

അഗ്നിപഥ് ആര്‍മി റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കും

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് നവംബര്‍ 16 മുതല്‍ 25 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് ഡയറക്ടര്‍ കേണല്‍ കെ. വിശ്വനാഥിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുക. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ചുമതലകളുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളുടെയും പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി.എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുക. പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരം പേര്‍ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം ആയിരത്തോളം പേരായിരിക്കും എത്തുക. രാവിലെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. രജിസ്ട്രേഷനു ശേഷം രാവിലെ ആറു മുതല്‍ 9.30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകള്‍ നടത്തുന്നത്. ശാരീരിക പരിശോധനയ്ക്ക് ശേഷം ശാരീരിക അളവ് പരിശോധന നടക്കും. തുടര്‍ന്ന് രേഖകളുടെ പരിശോധന നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തും.കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ പി. വിഷ്ണു രാജ്, പോലീസ്, ഫയര്‍, കെ.എസ്.ഇ.ബി, ആരോഗ്യം, കൊച്ചി കോര്‍പ്പറേഷന്‍, ശുചിത്വമിഷന്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, റവന്യു, സ്‌പോര്‍ട്‌സ് കൗസില്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close