Kerala

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനത്തിലേക്ക് ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ്

        സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപകനായ ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ഡോ. ജോബിമോൾ ജേക്കബ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജഗദീഷ്കുമാർ പി. എന്നിവർ സമർപ്പിച്ച ഗവേഷണ പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

        സാങ്കേതികരംഗം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ‘ഓട്ടണോമസ് വെഹിക്കിൾ’ അഥവാ ‘സ്വയം നിയന്ത്രിത വാഹനങ്ങൾ’ വികസിപ്പിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മറികടന്ന് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പുവരുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. വിവിധ സെന്ററുകളുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യുവാനും ഇവയെ ആസ്പദമാക്കി നിർമ്മിത ബുദ്ധി ഉപയോഗിച്ച് വാഹനത്തിന്റെ വേഗം, ദിശ എന്നിവ ക്രമീകരിക്കാനുള്ള ചിപ്പുകൾ വികസിപ്പിക്കുക എന്നിവയാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതോടൊപ്പം, സെമികണ്ടക്ടർ, വി.എൽ.എസ്.ഐ മേഖലകളിൽ വലിയ തോതിലുള്ള മാനവവിഭവശേഷി വികസനവും ലക്ഷ്യം വയ്ക്കുന്നു. അഞ്ചു വർഷത്തെ ഗവേഷണ പദ്ധതിയ്ക്ക് 86 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാൻഡ് ലഭിക്കും. കൂടാതെ, ചിപ്പുകളുടെ വികസനത്തിന് ആവശ്യമായ ഉപകരണവും ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ സോഫ്റ്റ്‌വെയറുകളും കേന്ദ്രം സൗജന്യമായി നൽകും. മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകരായ ശ്രീ. റാഷിദ് എം.ഇ, ഡോ. ജെസ്സി ജോൺ, വി.എൽ.എസ്.ഐ ഗവേഷണ വിദ്യാർഥിനിയായ എയ്മി ജോസ് എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളാണ്.

        വി.എൽ.എസ്.ഐ മേഖലയിലെ പ്രമുഖ കമ്പനികൾ ആയ ഇഗ്നിറ്റേറിയം ടെക്നോളജി സൊലൂഷൻസ്, വി.വി.ഡി.എൻ ടെക്നോളജിസ്റ്റ്, വിവിധ പ്രോസസറുകൾ വികസിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ സി-ഡാക് തിരുവനന്തപുരം സെന്റർ എന്നിവരും മോഡൽ എൻജിനീയറിങ്ങ് കോളേജിന്റെ ഈ പദ്ധതിയിൽ സഹകരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close