Kerala

ഒന്നു മുതൽ 19 വയസ് വരെയുള്ളവർക്ക് വിര നശീകരണ ഗുളിക നൽകും

*ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം

വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1 മുതൽ 19 വയസ് വരെ പ്രായമുള്ളവർക്ക് വിര നശീകരണ ഗുളിക നൽകും. സ്കുളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്ന് ഗുളിക നൽകും. സ്കൂളിലെത്താത്ത കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യും. ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 77,44,054 കുട്ടികൾക്ക് ഗുളിക നൽകാനാണ് ലക്ഷ്യമിടുന്നത്. 1 മുതൽ 2 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു ഗുളികയും (400 മി.ഗ്രാം) നൽകും. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ച് നൽകണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. എന്നാൽ വിരയുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായേക്കും.

ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവർ സംയുക്തമായാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close