KeralaSCHOLARSHIP

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഇതുവരെ ചെലവഴിച്ചത് 6.25 കോടി

*5956 വിദ്യാർഥികൾക്കു പ്രയോജനം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പ് ഇനത്തിൽ 5956 വിദ്യാർഥികൾക്കായി നടപ്പു സാമ്പത്തിക വർഷം ഇതുവരെ ചെലവഴിച്ചത് 6.25 കോടി രൂപ. ത്രിവത്സര പോളിടെക്‌നിക് കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ് 1164 പേർക്കായി 69.93 ലക്ഷം രൂപ ചെലവഴിച്ചു. പാരാമെഡിക്കൽ ഡിപ്ലോമ, ജനറൽ നഴ്‌സിംഗ് ഡിപ്ലോമ പഠിക്കുന്ന 445 വിദ്യാർഥികൾക്കായി 66.75 ലക്ഷം രൂപ ചെലവഴിച്ചു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് സ്‌കീമിൽ 4315 വിദ്യാർഥികൾക്കായി 4.72 കോടി രൂപയാണ് ചെലവഴിച്ചത്. എസ്.എസ്.എൽ.സി. പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങിയ വിദ്യാർഥികൾക്ക് 10,000 രൂപയും ബിരുദത്തിന് 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്കും നേടിയവർക്ക് 15,000 രൂപയും അനുവദിക്കുന്ന സ്‌കോളർഷിപ്പ് ആണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി. ഐ.എം.എസ്.സി എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് ഇനത്തിൽ 32 പേർക്കായി 16 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനു പുറമേ നിരവധി സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.

വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, ഐ.ടി.സി ഫീ റീഇമ്പേഴ്സ്‌മെന്റ് സ്‌കോളർഷിപ്പ്, ഉറുദു സ്‌കോളർഷിപ്പ്, സി എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (റിന്യുവൽ) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വകുപ്പ് മുഖേന വിതരണം ചെയ്യുന്ന മറ്റു സ്‌കോളർഷിപ്പുകളായ സി.എ/സി.എം.എ/സി.എസ് സ്‌കോളർഷിപ്പ്, സിവിൽ സർവീസ്, സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചു. ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി നൽകിയിട്ടുണ്ട്. കൂടാതെ അസാപ് മുഖേന നൈപുണ്യ പരിശീലനം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളുമെടുത്തു.

ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് പ്രൊഫഷണൽ കോളേജുകളിൽ അഡ്മിഷൻ പൂർത്തിയാകുന്നത്. അതനുസരിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സ്‌കോളർഷിപ്പ് വിതരണം പൂർത്തീകരിച്ച് വരുന്നത്. ഇക്കൊല്ലവും സ്‌കോളർഷിപ്പ് വിതരണം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതികൾ മുൻവർഷത്തെ അപേക്ഷിച്ച് വളരെ ഫലപ്രദമായും സമയബന്ധിതമായും കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുംവിധം അനുവദിക്കാൻ സാധിക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന വിവിധ സ്‌കോളർഷിപ്പ് പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം 21.96 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close