KeralaSPORTS

കായിക പ്രതിഭകളുടെ സംഗമ വേദിയായി അന്താരാഷ്ട്ര കായിക ഉച്ചകോടി

അന്താരാഷ്ട്രതലത്തിൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൊയ്ത് രാജ്യത്തിന്റെ അഭിമാനമായ കായിക പ്രതിഭകളുടെ സംഗമ വേദിയായി അന്താരാഷ്ട്ര കായിക ഉച്ചകോടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്പോർട്സ് കമ്മ്യൂണിറ്റി നെറ്റ്വർക്കിംഗ് ആൻഡ് ഗാല ഡിന്നർ’ എന്ന പരിപാടിയിലാണ് കായിക പ്രതിഭകൾ സംഗമിച്ചത്.

ദ്രോണാചാര്യ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ മുൻ കായിക താരങ്ങൾ, പരിശീലകർ, ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന താരങ്ങൾ എന്നു തുടങ്ങി നൂറോളം പ്രതിഭകളാണ് പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെച്ചത്. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കായികരംഗത്ത് കേരളത്തെ സൂപ്പർ പവർ ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കായിക പ്രവർത്തനങ്ങളെ പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.വി. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കേരള ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കൾക്കും കുട്ടികൾക്കും കായിക രംഗത്തെ പറ്റിയുള്ള അവബോധം നൽകണം. പൊതുവിദ്യാഭ്യാസത്തിന്റെ അജണ്ടയിൽ കായിക വിദ്യാഭ്യാസം ഉറപ്പായും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ മുൻ എംപി പന്ന്യൻ രവീന്ദ്രൻ, ഫുട്ബോളർ ഐ എം വിജയൻ, ദ്രോണാചാര്യ ജേതാക്കളായ കെ.പി. തോമസ്,  ടി.പി. ഔസേപ്പ്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close