Kerala

ജയിലുകൾ തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ: മന്ത്രി വി ശിവൻ കുട്ടി

           ആധുനിക സമൂഹത്തിൽ ജയിലുകൾ കസ്റ്റഡി കേന്ദ്രങ്ങൾ മാത്രമല്ല, തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ കൂടിയാണെന്ന്‌ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജയിൽ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

           അന്തേവാസികളെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരരാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കുക, അന്തേവാസികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക മാനസികോല്ലാസം ഉറപ്പുവരുത്തുക എന്നത് പ്രധാന ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് കേരള ജയിൽ വകുപ്പ് നടപ്പിലാക്കിവരുന്ന തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ നടത്തുന്നു.

           സർഗവാസനകളെ പരിപോഷിപ്പിക്കുന്ന ഈ കലാമേളയിൽ ഇത്തവണ ഉദ്യോഗസ്ഥരും  കുടുംബാംഗങ്ങളും പങ്കെടുത്തത് മാതൃകാപരമാണ്. ജയിലുകളെ കറക്ഷണൽ ഹോമുകളാക്കി മാറ്റുന്നതിൽ മുൻ ആഭ്യന്തരി മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകൾ നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു.

           ജയിലുകളിൽ കലാ-കായിക പ്രവർത്തനങ്ങൾ, തൊഴിൽ പരിശീലനം, വായനശാലകൾ തുടങ്ങി നിരവധി  പദ്ധതികൾ നടപ്പിലാക്കി. സാന്ദ്രത കുറക്കുന്നതിനായി തവനൂരിലും കൂത്തുപറമ്പിലും പുതിയ ജയിലുകൾ നിർമിച്ച് പ്രവർത്തനമാരംഭിച്ചു. ജയിൽ വകുപ്പിൽ 530 പുതിയ തസ്തികകൾ സൃഷ്ടിച്ചു, വർഷം തോറും പ്രിസൺമീറ്റിന് നാല് ലക്ഷം, ചികിത്സാ ആവശ്യങ്ങൾക്ക് ആംബുലൻസ്, കൈവല്യ യോഗ സെന്റർ എന്നിവ സർക്കാർ ജയിൽ വകുപ്പിൽ നടപ്പിലാക്കിയ ശ്രദ്ധേയ മാറ്റങ്ങളാണ്. പൊതുവിദ്യാഭ്യാസത്തിനായി 5000 കോടി രൂപ മുതൽ മുടക്കിയ സർക്കാരാണിത്. തടവുകാരുടെയുൾപ്പെടെയുളളവരുടെ മക്കളും ചെറുമക്കളുമടക്കമുള്ള വിദ്യാർത്ഥികളെ ചേർത്തു നിർത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

           കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സി.പി & സി.എച്ച്   സൂപ്രണ്ട് ഡി. സത്യരാജ് സ്വാഗതം ആശംസിച്ചു. ചലച്ചിത്രതാരം അപ്പാനി ശരത്ത് സമ്മാനദാനം നിർവഹിച്ചു. ഡി.ഐ.ജി എം.കെ.വിനോദ് കുമാർ, ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി.കെ  വി.എസ്. സുമന്ത് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close