Kozhikode

ഭക്ഷ്യസുരക്ഷാ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി:  കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും പിഴ ചുമത്തി

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ആവശ്യമായ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉൽപാദിപ്പിച്ച് വിറ്റ കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും വടകര ആർ ഡി ഒ കോടതി പിഴ ചുമത്തി.
2022 ജൂലൈ 14ന് വടകര പഴയ ബസ്‌സ്റ്റാന്റ് ചന്തപ്പറമ്പിലെ കടയിൽ, ബി സ്റ്റോൺ പ്രൊഡക്റ്റ്സ് തിരൂരങ്ങാടി എന്ന സ്ഥാപനം നിർമ്മിച്ച, ലേബൽ വിവരങ്ങളില്ലാത്ത സിന്തറ്റിക് വിനാഗിരി വിൽപന നടത്തിയ കേസിലാണ് പിഴ ഈടാക്കിയത്. വടകര ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി ഫെബിന മുഹമ്മദ് അഷറഫ് നടത്തിയ പരിശോധനയിൽ ഉൽപ്പന്നം തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ട സിന്തറ്റിക് വിനാഗിരി ഉൽപ്പാദിപ്പിച്ച സ്ഥാപനം 20,000 രൂപയും വിതരണം ചെയ്ത കമ്പനി 15,000 രൂപയും വിൽപന നടത്തിയ സ്ഥാപനം 2500 രൂപയും പിഴ അടക്കണമെന്ന് വടകര ആർഡിഒ  സി ബിജു ഉത്തരവിട്ടു. 
ഭക്ഷ്യപദാർത്ഥങ്ങൾ വിൽപ്പനക്കായി  നിർമ്മിച്ച് പാക്ക് ചെയ്യുമ്പോൾ ഉൽപ്പാദകർ  ഭക്ഷ്യസുരക്ഷാ നിയമം 2006 മാനദണ്ഡം പാലിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ഭക്ഷ്യവസ്തുവിന്റെ പേര്, ഘടകങ്ങളുടെ പേര്, പോഷക ഘടകങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ഫുഡ് അഡിറ്റീവ് ചേർത്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം, നിർമ്മാതാവിന്റെ പേര്, പൂർണ മേൽവിലാസം, വെജിറ്റേറിയൻ/നോൺ വെജിറ്റേറിയൻ ലോഗോ, അളവ്/തൂക്കം, നിർമ്മിച്ച തിയ്യതി, ഉപയോഗിക്കാൻ പറ്റുന്ന ദിവസങ്ങൾ, ബാച്ച് നമ്പർ, കോഡ് നമ്പർ, എഫ്എസ്എസ്എ ലോഗോ, പതിനാലക്ക ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നമ്പർ എന്നിവ കൃത്യമായി ലേബലിൽ രേഖപ്പെടുത്തണം. വിതരണക്കാരും വ്യാപാരികളും പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ ലേബൽ വിവരങ്ങൾ ഉള്ളവ മാത്രമേ വിൽപന നടത്തുവാൻ പാടുള്ളൂവെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close