National News

ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയതിന് പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

നിരീക്ഷണകേന്ദ്രമായ ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനത്ത് എത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

 നമ്മുടെ ശാസ്ത്രജ്ഞരുടെ സമര്‍പ്പണത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ നേട്ടമെന്നു വിശേഷിപ്പിച്ച അദ്ദേഹം, മനുഷ്യരാശിയുടെ പ്രയോജനത്തിനായി ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ താണ്ടുന്നതു തുടരുമെന്നും പറഞ്ഞു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ഇന്ത്യ മറ്റൊരു നാഴികക്കല്ലുകൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ കേന്ദ്രമായ ആദിത്യ-എല്‍ 1 ലക്ഷ്യത്തിലെത്തി. അതിസങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ അശ്രാന്ത സമര്‍പ്പണത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതില്‍ ഞാനും രാഷ്ട്രത്തോടൊപ്പം പങ്കുചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി നാമിനിയും ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ പിന്തുടരും.’

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയാകും ഐഎസ്ആര്‍ഒ.ലഗ്രാഞ്ച് പോയിന്റിലെ തന്ത്രപ്രധാനമായ സ്ഥാനത്ത് നില്‍ക്കാന്‍ സാധിച്ചാല്‍ ഗവേഷണവുമായി ബന്ധപ്പെട്ട് അടുത്ത അഞ്ചുവര്‍ഷം പേടകം അവിടെതന്നെ തുടരുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണവലയത്തില്‍ പെടാതെ സുരക്ഷിതമായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന സ്ഥാനമാണ് ലഗ്രാഞ്ച് പോയിന്റ്.ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close