Uncategorized

അങ്കമാലി മണ്ഡലത്തില്‍ നടക്കുന്നത് നിരവധി വികസനങ്ങള്‍: മുഖ്യമന്ത്രി

ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കല്‍ അതിവേഗത്തില്‍

*കിഫ്ബി പദ്ധതിയിലൂടെ മാത്രം അങ്കമാലിയില്‍ 
1450 കോടി രൂപയുടെ പദ്ധതികള്‍*

അങ്കമാലി മണ്ഡലത്തില്‍ സര്‍ക്കാര്‍ നിരവധി   വികസന പ്രവര്‍ത്തനങ്ങളാണ്  നടത്തിക്കൊണ്ടിരിക്കുന്നതെന്നും വികസനത്തില്‍ സര്‍ക്കാരിന് രാഷ്ട്രീയം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസനത്തില്‍ കേരളത്തില്‍ എല്ലാ സ്ഥലങ്ങളും എല്ലാ മണ്ഡലങ്ങളും സര്‍ക്കാരിന് ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 

അങ്കമാലി മണ്ഡലത്തില്‍ എറണാകുളം ജില്ലയിലെ ആദ്യ നവകേരള സദസ് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബി വഴി 840 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗിഫ്റ്റി സിറ്റി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് തടസമില്ല. പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ്. കുറച്ചുവൈകിയെങ്കിലും അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഭാവിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാകും. പദ്ധതിക്കായി എറണാകുളം ജില്ലയില്‍ അങ്കമാലി മണ്ഡലം തിരഞ്ഞെടുത്തപ്പോള്‍ രാഷ്ട്രീയം നോക്കിയില്ലെന്നും നാടിന്റെ വികസനമാണ് മുന്നില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ 13 പദ്ധതികളിലായി 1450 കോടി രൂപ അങ്കമാലി മണ്ഡലത്തില്‍ മാത്രം  ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അങ്കമാലി മണ്ഡലത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വിവിധ പദ്ധതികളിലായി 15 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചു. മണ്ഡലത്തില്‍ 553 അതിദാരിദ്ര്യ കുടുംബങ്ങള്‍ ഉണ്ടായതില്‍ 258 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചു. സര്‍ക്കാര്‍ ലക്ഷ്യമിട്ട പോലെ ഇവിടെയും ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയും. റോഡ് അനുബന്ധ വികസനങ്ങള്‍ക്കായി മണ്ഡലത്തില്‍ ഇതിനകം 124 കോടി രൂപ ചെലവഴിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 16 കോടി രൂപയും മാലിന്യ സംസ്‌കരണത്തിന് 5 കോടി രൂപയിലധികവും ചെലവഴിച്ചു. സാമൂഹ്യ സുരക്ഷാ മേലയില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് അടക്കം 26 കോടി രൂപ ചെലവഴിച്ചു. കാര്‍ഷിക മേഖലയില്‍ 19 കോടി രൂപയും കുടിവെള്ള പദ്ധതിക്ക്
24 കോടി രൂപയും ആരോഗ്യ-ശുചിത്വ മേഖലയില്‍ 25 കോടി രൂപയും മത്സ്യ, മൃഗ ക്ഷീര വികസന മേഖലയില്‍ 13 കോടി രൂപയും ദുരന്ത നിവാരണത്തിന്  56 ലക്ഷം രൂപയും ലിംഗ സമത്വം, ലിംഗാധിഷ്ഠിത  വികസനം എന്നിവയ്ക്ക് 6 കോടി രൂപയും 
ഭവന നിര്‍മ്മാണത്തിന് 54 കോടി രൂപയും മണ്ഡലത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. 

മണ്ഡലത്തിലെ വികസനത്തില്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം ഉണ്ടെങ്കില്‍ ഈ വേദിയില്‍ എത്തി അങ്കമാലി എംഎല്‍എക്ക് പറയാന്‍ അവസരം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 65 കോടി രൂപ എം എല്‍ എ ഫണ്ട് ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. 1336 വീടുകള്‍ ലൈഫ് ഭവന പദ്ധതി വഴി മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി. ജലസേചന പദ്ധതികള്‍ക്കായി 116 കോടി രൂപയും ചെലവഴിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പല രീതിയില്‍  കേന്ദ്രം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വികസനത്തിന് എതിരാണ് പ്രതിപക്ഷവും. ഇവരുടെ നിലപാടുകളോട് ജനങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുകയാണ്. അതിന്റെ സുചനയാണ് നവകേരള സദസിലേക്ക് ജനങ്ങള്‍ ഒഴുകി എത്തുന്നത്. അങ്കമാലിയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി. പ്രസാദ്, ആര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.  നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ സുനില്‍ മാത്യു സ്വാഗതവും കണ്‍വീനര്‍ കെ.കെ ഷിബു നന്ദിയും പറഞ്ഞു. 

ചടങ്ങില്‍ താന്‍ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം കാലടി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശിവാനന്ദ് ഷിനോജ് മുഖ്യമന്ത്രിക്ക് കൈമാറി. എ.സെബാസ്റ്റ്യന്‍ എഴുതിയ എഡിറ്റര്‍ പറഞ്ഞത് എന്ന പുസ്തകം മന്ത്രി ആര്‍.ബിന്ദു പ്രകാശനം ചെയ്തു. സദസ്സിന് മുന്നോടിയായി കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിച്ച നാടന്‍പാട്ട് സദസിനെ ആവേശത്തിലാഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close