Uncategorized

ജനങ്ങള്‍ക്ക് വിശ്വാസം സഹകരണ മേഖലയില്‍, തകര്‍ക്കാനുള്ള ശ്രമം ചെറുക്കും -മന്ത്രി വി എന്‍ വാസവന്‍

ഒന്നാമതാകാന്‍ കേരള ബാങ്ക്; മിഷന്‍ റെയിന്‍ബോക്ക് തുടക്കം

സഹകരണ മേഖലയോടാണ് ജനങ്ങള്‍ക്ക് വിശ്വാസമെന്നും അതിന്റെ ജനകീയ അടിത്തറ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കേരള ബാങ്കിനെ കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്ക് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന 100 ദിന കര്‍മ പദ്ധതിയായ മിഷന്‍ റെയിന്‍ബോ 24 ന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല വലിയ വെല്ലുവിളികള്‍ നേരിട്ടാണ് മുന്നോട്ടുപോകുന്നത്. സഹകരണ സ്ഥാപനങ്ങളില്‍  പരിശോധനയുടെ പേരില്‍ ഇ ഡി കയറി ഇറങ്ങുകയാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിത്. രാജ്യത്ത് കൂടുതല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത് കേരളത്തിന് പുറത്തുള്ള ബാങ്കുകള്‍ക്കാണ്. അവിടെയൊന്നും ഇ ഡിയുടെ പരിശോധനയില്ല. രാഷ്ട്രീയ പ്രേരിതമായുള്ള പരിശോധനയാണെങ്കില്‍ അതിനെ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

ന്യൂജന്‍ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലേക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കി വിവിധ പദ്ധതികളിലൂടെ ഒരു വര്‍ഷത്തിനകം കേരള ബാങ്കിനെ കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്ക് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കും. നാലുവര്‍ഷം മുമ്പ് യാഥാര്‍ഥ്യമായ കേരള ബാങ്ക് എന്ന ആശയത്തിനെതിരെ പലരും രംഗത്തു വന്നിരുന്നു. ഒടുവില്‍ നിയമയുദ്ധത്തിലൂടെ സര്‍ക്കാര്‍ വിജയിച്ചു. നാലു വര്‍ഷം കൊണ്ട് ലാഭകരമായി മുന്നേറുകയാണ്. കേരളത്തിലെ 14 ജില്ലകളിലും കേരള ബാങ്ക് യാഥാര്‍ഥ്യമായി -മന്ത്രി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പ്രൈമറി സംഘങ്ങളുമായുള്ള ബന്ധം ദൃഢതയുള്ളതാവണം. ജീവനക്കാരുടെ അവകാശങ്ങള്‍ അംഗീകരിച്ച് ജീവനക്കാരുടെ ഒഴിവുകളും വേഗത്തില്‍ നികത്തി മുന്നോട്ടുപോകുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
ആധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി ഉപയോഗിച്ച് എല്ലാ ജീവനക്കാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണ് 2024 ഫെബ്രുവരി എട്ടുവരെ നീളുന്ന 100 ദിന കര്‍മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ സാധാരണക്കാരായ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് കേരള ബാങ്ക് പ്രാപ്തമായി. ഇതിലൂടെ സിഎഎസ്എ വര്‍ധനവിലും വായ്പ വിതരണത്തിലും ബിസിനസ് വളര്‍ച്ചയിലും കുടിശ്ശിക നിര്‍മാര്‍ജനത്തിലും മികവ് തെളിയിക്കാനാകും. ക്യാമ്പയിന്റെ ഭാഗമായി തീവ്രകുടിശ്ശിക നിവാരണം, മികവുറ്റ എസ് എം എ മാനേജ്മെന്റ്, ഊര്‍ജസ്വലമായ ഡിജിറ്റല്‍ ബാങ്കിങ് ക്യാമ്പയിന്‍, മഹാ സി എ എസ് എ ക്യാമ്പയിന്‍, അതിവേഗ വായ്പ വിതരണ ക്യാമ്പയിന്‍, ഊര്‍ജിത ഗോള്‍ഡ് ലോണ്‍ ക്യാമ്പയിന്‍, പിഎസിഎസ്, യുസിബികളുമായി ബഹുതല സംയോജനം എന്നിവ നടക്കും.
കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്‍ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് ഡയരക്ടര്‍ കെ സി സഹദേവന്‍ പദ്ധതി വിശദീകരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍, വൈസ് പ്രസിഡണ്ട് എം കെ കണ്ണന്‍, ഡയരക്ടര്‍മാരായ സാബു എബ്രഹാം, കെ ജി വത്സലകുമാരി, കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ സി അബ്ദുല്‍മുജീബ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close