Uncategorized

സംരംഭക വര്‍ഷം ശോഭനമാക്കിയ ജീവിതം

 സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭം തുടങ്ങി ജീവിതം ശോഭനമായതിന്റെ സന്തോഷത്തിലാണ് ശോഭനകുമാരി. ഈ സന്തോഷം മുഖ്യമന്ത്രിയെ അറിയിക്കാനാണ് കൊല്ലം കുളത്തൂപ്പുഴ കുഴവിയോട് ഊരില്‍ നിന്നും ശോഭന മുഖാമുഖം പരിപാടിയില്‍ എത്തിയത്. സര്‍ക്കാര്‍ സഹായത്തിന് നന്ദി അറിയിച്ചതിനൊപ്പം സംരംഭം വിപുലീകരിക്കാനുള്ള ആഗ്രഹവും ഇവര്‍ പങ്കുവെച്ചു.

ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച ശോഭനകുമാരിക്ക് സ്വന്തം സംരംഭമെന്ന സ്വപ്നം ഏറെ അകലെയായിരുന്നു. അതോടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വീട്ടമ്മയായി മുന്നോട്ട് പോയി. എന്നാല്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകരെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ സംരംഭക വര്‍ഷത്തിന് തുടക്കമിട്ടത് ഇവരുടെ ജീവിതത്തിന് പ്രതീക്ഷയേകി. തുടര്‍ന്ന് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ശോഭനക്ക് കൃഷി വകുപ്പിന്റെ ആത്മപദ്ധതിയിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ചു. പിന്നാലെ 2022 ജനുവരിയില്‍ വ്യവസായ വകുപ്പിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സഹായത്തോടെ സ്വയം തൊഴില്‍ സംരംഭകയായി. കല്ലൂസ് എന്ന പേരില്‍ തേനില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. മെഴുക് ഉപയോഗിച്ചുള്ള സോപ്പ്, വേപ്പിന്‍ തേന്‍, മുരിങ്ങ തേന്‍, തേന്‍ നെല്ലിക്ക, അത്തിപ്പഴത്തേന്‍, തേന്‍ കാന്താരി തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. സര്‍ക്കാരിന്റെ വിവിധ മേളകളിലെത്തിയാണ് പ്രധാന വില്‍പ്പന. ഗുണമേന്മയറിഞ്ഞ് വീട്ടിലേക്ക് തേടിയെത്തുന്നവരും കുറവല്ല. ഭര്‍ത്താവ് വീരാത്മജന്‍ കാണിയാണ് സഹായത്തിന് ഒപ്പമുള്ളത്. കൂടുതല്‍ പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കണമെന്നാണ് ആഗ്രഹം. സര്‍ക്കാര്‍ സഹായത്തോടെ അതിന് സാധിക്കുമെന്നാണ് ഈ നവ സംരംഭകയുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close